LiveTV

Live

National

ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍റെ കൊല; ബിജെപി നേതാവ് കീഴടങ്ങി

ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍റെ കൊല; ബിജെപി നേതാവ് കീഴടങ്ങി
Summary
ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേത്‍വ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ എംപിയും ബിജെപി നേതാവുമായ ദിനു സോളങ്കി കീഴടങ്ങി.

ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് ജേത്‍വ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ എംപിയും ബിജെപി നേതാവുമായ ദിനു സോളങ്കി കീഴടങ്ങി. സോളങ്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് പ്രത്യേക സിബിഐ കോടതി മുന്‍പാകെ ഇന്നലെ കീഴടങ്ങിയത്. സാക്ഷികളായ എട്ട് പേരുടെ വിസ്താരം കഴിയുന്നത് വരെ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സോളങ്കിയെ സബര്‍മതി ജയിലിലടച്ചു.

2010 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് അമിത് ജേത്‍വ വെടിയേറ്റ് മരിച്ചത്. ആ സമയത്ത് ജുനഗഡില്‍ നിന്നുള്ള എംപിയായിരുന്നു സോളങ്കി.

ഗിര്‍ വനത്തിലെ അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജാ‍ത്‍വേ കൊല്ലപ്പെട്ടത്. 2013ല്‍ സിബിഐ കേസ് ഏറ്റെടുത്തതോടെ സോളങ്കിയെ പ്രതിചേര്‍ക്കുകയായിരുന്നു. സാക്ഷികളെ ബിജെപി സ്വാധീനിക്കുന്നുവെന്ന് ആരോപണമുയരുകയും സാക്ഷികളില്‍ പലരും കൂറുമാറുകയും ചെയ്തപ്പോള്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു.