LiveTV

Live

National

ഇനിയും പരിഷ്‍കാരങ്ങളുണ്ടാകുമെന്ന് മോദി; അടുത്തത് എന്ത് ?

ഇനിയും പരിഷ്‍കാരങ്ങളുണ്ടാകുമെന്ന് മോദി; അടുത്തത് എന്ത് ?
Summary
ഏകദേശം ഒരു വര്‍ഷം മുമ്പാണ് ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടി നല്‍കിക്കൊണ്ട് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പരിഷ്കാര പ്രഖ്യാപനമുണ്ടായത്.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടി നല്‍കിക്കൊണ്ട് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പരിഷ്കാര പ്രഖ്യാപനമുണ്ടായത്. നോട്ട് നിരോധം. 500, 1000 രൂപ നോട്ടുകള്‍ നാളെ മുതല്‍ അസാധുവായിരിക്കും എന്നായിരുന്നു ആ പ്രഖ്യാപനം. രാജ്യത്തിന് വേണ്ടി ഏതാനും ദിവസത്തെ മാത്രം ബുദ്ധമുട്ടുകള്‍ ജനങ്ങള്‍ സഹിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇനിയും പരിഷ്‍കാരങ്ങളുണ്ടാകുമെന്ന് മോദി; അടുത്തത് എന്ത് ?

രാജ്യത്തിന് വേണ്ടിയല്ലേ, ഒന്നല്ല, രണ്ടോ മൂന്നോ മാസം വരെ സഹിക്കാന്‍ ജനങ്ങള്‍ തയാറായിരുന്നു. എന്നാല്‍ നോട്ട് നിരോധത്തിന്റെ ദുരിതത്തിന് അറുതി വരുത്താന്‍ മോദി പറഞ്ഞ സമയത്തിനൊന്നും ആയില്ല. ആറു മാസം പിന്നിട്ടിട്ടും ജനങ്ങള്‍ മോദിയുടെ പരിഷ്കാരത്തിന്റെ ബാധ്യത ചുമലിലേറ്റി. എല്ലാം ശരിയാകുമെന്നായിരുന്നു ഓരോ തവണയും ബിജെപി സര്‍ക്കാരിന്റെ മോഹവാഗ്ദാനം. ഈ ബുദ്ധിമുട്ടുകളൊക്കെ സഹിച്ചാല്‍ രാജ്യത്തിന്റെ അടിവേരറുക്കുന്ന കള്ളപ്പണക്കാരെ മുഴുവന്‍ തടവറയില്‍ അടക്കാന്‍ മോദി സര്‍ക്കാരിന് കഴിയുമല്ലോയെന്ന് ബിജെപി പാളയവും അവരെ പിന്തുണക്കുന്നവരും അവരെ വിശ്വസിച്ച് പോയ കുറേ സാധാരണക്കാരും കരുതി. എന്നാല്‍ മോദി വീശിയ വലയില്‍ കള്ളപ്പണക്കാരില്‍ ആരും തന്നെ കുടുങ്ങിയില്ല.

അതോടെ ഡിജിറ്റല്‍ ഇന്ത്യ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നമെന്നായി വാദം. എന്നാല്‍ അതും പൊളിഞ്ഞു. പ്രാഥമികകര്‍മങ്ങള്‍ക്ക് വീട്ടില്‍ കക്കൂസ് പോലും ഇല്ലാത്ത ഒരു ജനതയെ ഡിജിറ്റലാക്കാനുള്ള മോദിയുടെ മോഹം നടക്കാന്‍ വിദൂര സാധ്യത പോലുമില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തി. അതിന് ശേഷമായിരുന്നു വിലക്കയറ്റത്തിന് മൂക്കുകയറിടാന്‍ കഴിയുമെന്ന വാഗ്ദാനം നല്‍കി ജിഎസ്‍ടി എന്ന നികുതി സമ്പ്രദായം അവതരിപ്പിച്ചത്. എന്നാല്‍ വില കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്ന് മാത്രം. ജിഎസ്‍ടി അവതരിപ്പിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിന്റെ നൂലാമാലകളും സങ്കീര്‍ണമായ നടപടി ക്രമങ്ങളും ഇനിയും ആര്‍ക്കും തന്നെ പിടികിട്ടിയിട്ടില്ല.

ഇതിന് പിന്നാലെയാണ് ഇനിയും പരിഷ്‍കാരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, സമൂഹിക ഉന്നമനമാണ് തന്റെ ജീവിതലക്ഷ്യമെന്നും മോദി പറയുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകബാങ്ക് ഇന്ത്യയുടെ റാങ്ക് ഉയര്‍ത്തുന്നതിനെ വലിയ അംഗീകാരമായും ഇത് വാണിജ്യ മേഖലയില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്നും മോദി അവകാശപ്പെട്ടു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതി ദയനീയമായി തുടരുമ്പോഴും ലോക ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് സ്വയം പുകഴ്ത്തുകയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം കോണ്‍‌ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഇതേസമയം, തനിക്ക് ആത്മവിശ്വാസമുണ്ടെന്നും തുടര്‍ച്ചയായുള്ള പരിഷ്കാരങ്ങളിലൂടെ ഇനിയും മുന്നേറാനാകുമെന്നും മോദി പറഞ്ഞു. ''എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. എനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ഒരു ജീവിതമേയുള്ളു, അതുപോലെ ഒരു ലക്ഷ്യവും'' - മോദി പറഞ്ഞു. ഏതായാലും അടുത്ത പരിഷ്‍കാരം ഏതു മേഖലയിലായിരിക്കുമെന്ന കാര്യത്തില്‍ മോദി ഒരു സൂചനയും നല്‍കിയിട്ടില്ല.