LiveTV

Live

National

അമിത് ഷാക്ക് പിന്നാലെ അജിത് ഡോവലിന്റ മകനെതിരെയും ആരോപണങ്ങളുമായി ദ വയര്‍

അമിത് ഷാക്ക് പിന്നാലെ അജിത് ഡോവലിന്റ മകനെതിരെയും ആരോപണങ്ങളുമായി ദ വയര്‍
Summary
ശൗര്യ മുഖ്യ നടത്തിപ്പുകാരനായ ഇന്ത്യ ഫൌണ്ടേഷന് വിദേശ ഫണ്ട് ലഭിക്കുന്നുവെന്നാണ് ആരോപണം

ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൌര്യ ഡോവല്‍ മുഖ്യനടത്തിപ്പുകാരനായ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി ദ വയര്‍ ന്യൂസ് പോര്‍ട്ടല്‍. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനടക്കം നാലു കേന്ദ്രമന്ത്രിമാര്‍ ഡയറക്ടര്‍മാരായ ഇന്ത്യാ ഫൌണ്ടേഷന് വിദേശഫണ്ട് ലഭിക്കുന്നുവെന്നാണ് ദ വയറിന്റെ ആരോപണം. വിദേശ വിമാന-ആയുധ കമ്പനികളില്‍ നിന്ന് സ്ഥാപനം സഹായം കൈപ്പറ്റുന്നുവെന്ന് ദ വയര്‍ ചൂണ്ടിക്കാട്ടുന്നു

രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷൻ. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവും ചേർന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ നിർമല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിൻഹ, എം.ജെ.അക്ബർ എന്നിവരുമുണ്ട്.

ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഗവേഷണ-ചർച്ചാ വേദികളിലൊന്നാണ് ഇന്ത്യ ഫൗണ്ടേഷൻ. ഇത്തരം ചര്‍ച്ചകളുടെയും സെമിനാറുകളുടെയും സ്പോണ്‍സര്‍ഷിപ്പായി വിദേശ കമ്പനികളില്‍ നിന്ന് സംഘടന സഹായം കൈപ്പറ്റു ന്നുവെന്നാണ് ദ വയറിന്റെ ആരോപണം. ഇന്ത്യ ആയുധ ഇടപാടുകൾ നടത്തുന്ന കന്പകളിൽനിന്നടക്കം സംഘടന സംഭാവന സ്വീകരിക്കുന്നുണ്ട്. ഇത്തരമൊരു സംഘടനയുടെ ഭരണച്ചുമതലയിൽ പ്രതിരോധമന്ത്രിയുള്‍പ്പെടെയുളളവര്‍ ഭാഗമാകുന്നതു ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകൻ സംഘടനയുടെ തലപ്പത്തുള്ളതു കാര്യങ്ങൾ കൂടുതൽ ഗൗരവതരമാക്കുന്നുവെന്നും വയര്‍ ആരോപിക്കുന്നു.

ഫൗണ്ടേഷൻ നടത്തിയ സെമിനാറുകളിൽ ചിലതു സ്പോൺസർ ചെയ്തവരുടെ കൂട്ടത്തിൽ ബോയിങ് എന്ന കന്പനിയുളളതായും ദ വയര്‍ ചൂണ്ടിക്കാട്ടുന്നു. ആയുധ-വ്യോമയാന കന്പനികൾക്കു പുറമെ വിദേശ ബാങ്കുകളും സംഭാവന നൽകിയതായി ചൂണ്ടിക്കാട്ടുന്ന ന്യൂസ് പോര്‍ട്ടല്‍ പക്ഷേ എത്ര തുക ഇത്തരത്തിൽ ലഭിച്ചുവെന്നതു സംബന്ധിച്ചു വ്യക്തതയില്ലെന്നും പറയുന്നു. ബിജെപിയുമായും കേന്ദ്ര സർക്കാരുമായും നയതീരുമാനങ്ങളിൽ ചേർന്നു പ്രവർത്തിക്കുന്നുവെന്നു ശൗര്യ ഡോവൽ മുൻപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരായ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ദ വയര്‍ പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്