LiveTV

Live

National

തൊഴിലാളികളെ പിരിച്ചുവിടുന്നത് വളരെ നല്ല കാര്യമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

തൊഴിലാളികളെ പിരിച്ചുവിടുന്നത് വളരെ നല്ല കാര്യമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍
Summary
ലോക സാമ്പത്തിക ഫോറം വേദിയില്‍ വെച്ചായിരുന്നു പിയൂഷ് ഗോയലിന്‍റെ പ്രതികരണം...

കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് വളരെ നല്ല കാര്യമാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. വേള്‍ഡ് എക്കണോമിക്‌സ് ഫോറത്തിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. സ്വകാര്യ മേഖലയില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് വന്‍തോതില്‍ ആശങ്കക്ക് വഴിവെക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.

ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഇരുന്നൂറോളം മുന്‍നിര കമ്പനികള്‍ വലിയ തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിന്റെ ആശങ്ക ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പങ്കുവെച്ചിരുന്നു. മുന്‍ നിര കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് സമൂഹത്തിന് വലിയ തിരിച്ചടിയാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന്റെ മറുപടിയായാണ് പിയൂഷ് ഗോയല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് സമ്പദ്‌വ്യവസ്ഥക്ക് തന്നെ ഗുണകരമാകുമെന്ന് പറഞ്ഞത്.

തൊഴിലാളികളെ പിരിച്ചുവിടുന്നത് വളരെ നല്ല കാര്യമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

'കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്നത് സത്യത്തില്‍ വളരെ നല്ല ഒരു സൂചനയാണ്. ഇന്ന് ജോലി തേടി നടക്കുന്നവരാണ് യുവജനങ്ങളില്‍ കൂടുതലും. എന്നാല്‍ വൈകാതെ അവര്‍ തൊഴില്‍ ദാതാക്കളായി മാറും. കൂടുതല്‍ കൂടുതല്‍ പേര്‍ സംരംഭകരാകുന്നതിന് തൊഴില്‍ നഷ്ടം കാരണമാകും' പിയൂഷ് ഗോയല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മുദ്ര വായ്പയെക്കുറിച്ചും പിയൂഷ് ഗോയല്‍ ഉദാഹരണമായി എടുത്തു പറഞ്ഞു. 2015 മുതല്‍ ഇതുവരെ മുദ്ര ലോണ്‍ വഴി 3.42 ലക്ഷം കോടി രൂപയുടെ വായ്പ ചെറുകിടസംരംഭകര്‍ക്ക് നല്‍കിയെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു. എട്ട് കോടി പേര്‍ക്കാണ് ഈ വായ്പ നല്‍കിയത്.

കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം എല്‍ ആന്‍ഡ് ടി 14000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. എച്ച്ഡിഎഫ്‌സിയുടെ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 90,421ല്‍ നിന്നും 84,325 ആയി കുറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ 67 ടെക്‌സ്റ്റൈല്‍ ഫാക്ടറികളാണ് പൂട്ടിയത്. ഇതുവഴി മാത്രം 17600 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അത്ര നല്ല കാലമല്ല. കഴിഞ്ഞ വര്‍ഷം മാത്രം പൂട്ടിപ്പോയത് 212 സ്റ്റാര്‍ട്ട് അപ്പുകള്‍. തൊട്ടു മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണിത്. ഈ വര്‍ഷം ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ ആകെ 800 സ്റ്റാര്‍ട്ട് അപ്പുകള്‍ മാത്രമാണ് വന്നിട്ടുള്ളതെന്ന് ലൈവ് മിന്റിന്റെ റിപ്പോര്‍ട്ട് പറയുന്നു.