LiveTV

Live

National

അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം വര്‍ധിച്ചത് 16 ലക്ഷം ശതമാനം 

അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം വര്‍ധിച്ചത് 16 ലക്ഷം ശതമാനം 
Summary
അമിത് ഷായുടെ മകന്റെ കമ്പനിക്ക് കോടികള്‍ വായ്പ നല്‍കിയവരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനവും സഹകരണബാങ്കും പൊതുമേഖലാ സ്ഥാപനവും...

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരിലുള്ള കമ്പനിയുടെ വരുമാനം ഒരു വര്‍ഷംകൊണ്ട് വര്‍ധിച്ചത് 16 ലക്ഷം ശതമാനം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷനാവുകയും ചെയ്ത അതേ കാലത്താണ് ടെപിള്‍ എന്റര്‍പ്രൈസ് എന്ന കമ്പനിക്ക് ഈ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കമ്പനി അടച്ചുപൂട്ടിയതും കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കുന്നു. ദ വൈര്‍ എന്ന വെബ് സൈറ്റാണ് ജേ ഷായുടെ കമ്പനിയുടെ അസ്വാഭാവിക വരുമാന വര്‍ധനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം വര്‍ധിച്ചത് 16 ലക്ഷം ശതമാനം 

രജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ പ്രകാരം സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും യഥാക്രമം 6230, 1724 രൂപയുടേയും നഷ്ടമാണ് ടെംപിള്‍ എന്റര്‍പ്രൈസസ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ജെയ് ഷായുടെ കമ്പനി പെട്ടെന്ന് കുതിച്ചുയരുകയായിരുന്നു. 2014-15 വര്‍ഷത്തില്‍ 50000 രൂപ വരുമാനവും 18,728 രൂപ ലാഭവും കാണിച്ച കമ്പനിയുടെ വിറ്റുവരവ് 2015-16ല്‍ 80.5 കോടിയായി മാറി. അതായത് ശതമാനക്കണക്കില്‍ നോക്കിയാല്‍ വരുമാനത്തിലുണ്ടായ വര്‍ധന 16 ലക്ഷം മടടങ്ങ്. രണ്ട് ലക്ഷം രൂപ മാത്രമാണ് ഈ കമ്പനിയുടെ ആസ്തി.

രാജേഷ് ഖാണ്ട്‌വാല എന്നയാളുടെ ധനകാര്യ സ്ഥാപനത്തില്‍(KIFS) നിന്നും ലഭിച്ച 15.78 കോടി രൂപയുടെ വായ്പയാണ് ഈ കുതിച്ചുചാട്ടത്തിന് ടെംപിള്‍ എന്റര്‍പ്രൈസസിന് ഒരു ഇന്ധനമായത്. അതേസമയം കെഐഎഫ്എസിന്റെ കണക്കുകളില്‍ ജെയ് ഷായുടെ കമ്പനിക്ക് ഏഴ് കോടി രൂപ മാത്രമാണ് വായ്പയായി നല്‍കിയതായി കാണിച്ചിട്ടുള്ളത്. ബിജെപിയുടെ രാജ്യസഭാ എംപിയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ തലപ്പത്തെ പ്രധാനിയുമായ പരിമള്‍ നത്‌വാനിയുടെ അടുത്ത ബന്ധുവാണ് രാജേഷ് ഖാണ്ട്‌വാല. ഖാണ്ട്‌വാലയുടെ മകളെയാണ് പരിമള്‍ നത്‌വാനിയുടെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഈ റിലയന്‍സ് ബന്ധവും വായ്പാ രൂപത്തില്‍ വന്ന കോടികളും ജെയ് ഷായുടെ കമ്പനിയുടെ വളര്‍ച്ചയെ കൂടുതല്‍ ദുരൂഹമാക്കുന്നു. ജാര്‍ഖണ്ഡില്‍ നിന്നും സ്വതന്ത്ര രാജ്യസഭാ എംപിയായി 2008ല്‍ പരിമള്‍ നതവാനി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014ല്‍ നതവാനി ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എമാരുടെ പിന്തുണയിലാണ് രണ്ടാം വട്ടം രാജ്യസഭയില്‍ എത്തിയത്. ഗുജറാത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേല്‍നോട്ട ചുമതലയും പരിമള്‍ നതവാനിക്കാണ്.

ഇത് സംബന്ധിച്ച ദ വെയ്റിന്‍റെ ചോദ്യങ്ങള്‍ക്ക് ജയ് ഷായുടെ അഭിഭാഷകന്‍ നല്‍കിയ മറുപടി ഇങ്ങനെ'ജയ് ഷായുടെ കുടുംബത്തിന്റെ ഷെയര്‍ ബ്രോക്കറായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് രാജേഷ് ഖാണ്ട്‌വാല. അദ്ദേഹത്തിന് കീഴിലെ ബാങ്കിതര പണമിടപാട് സ്ഥാപനമായ കെഐഎഫ്എസ് നേരത്തെയും ജയ് ഷായുടെ കമ്പനിക്ക് വായ്പ നല്‍കിയിട്ടുണ്ട്. രാജേഷ് ഖാണ്ഡ്‌വാലയും നത്‌വാനിയും തമ്മില്‍ ബന്ധമുണ്ടാകുന്നതിന് മുമ്പുതന്നെ ജയ് ഷാക്ക് രാജേഷ് ഖാണ്ഡ്‌വാലയുമായി ബന്ധമുണ്ട്'

അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം വര്‍ധിച്ചത് 16 ലക്ഷം ശതമാനം 

ഏഴ് കോടി രൂപ മാത്രം മൂല്യമുള്ള വസ്തുക്കള്‍ കാണിച്ച് ഇതേ കാലയളവില്‍ 25 കോടി രൂപ ജെയ് ഷായുടെ കമ്പനിക്ക് സഹകരണബാങ്കില്‍ നിന്നും വായ്പ ലഭിച്ചിട്ടുണ്ട്.. കോലുപുര്‍ കൊമേഴ്‌സ്യല്‍ കോര്‍പറേറ്റീവ് ബാങ്കില്‍ നിന്നാണ് ഈ വായ്പ കിട്ടിയത്. ഇതിനൊപ്പം പൊതു മേഖലയില്‍ നിന്നും 10.35 കോടി രൂപയുടെ വായ്പയും ജെയ് ഷായുടെ കമ്പനി തരപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിലെ പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളുടെ വകുപ്പിന് കീഴിലുള്ള Indian Renewable Energy Development Agency (IREDA) ആണ് 10.35 കോടി രൂപയുടെ വായ്പ നല്‍കിയത്. കാറ്റാടി യന്ത്രങ്ങള്‍ വഴി 2.1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് എന്ന പേരിലാണ് ഈ വായ്പ ലഭിച്ചത്.

കമ്പനി രേഖകള്‍ പ്രകാരം കാര്‍ഷിക ഉത്പന്നങ്ങളുടെ കച്ചവടത്തിലൂടെയാണ് ടെംപിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനത്തിന്റെ 95 ശതമാനവും വരുന്നത്. സോയാ ബീന്‍, കടല, മല്ലി, അരി, ഗോതമ്പ്, ചോളം തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ജെയ് ഷായുടെ കമ്പനി നടത്തിയിരുന്നു. കുടുംബ സുഹൃത്തായി ജിതേന്ദ്ര ഷായാണ് ബിസിനസില്‍ ജെയ് ഷായുടെ പങ്കാളി. ഇത്തരം മേഖലയില്‍ 80 കോടി രൂപയുടെ കച്ചവടം നടക്കുന്നതില്‍ എന്തെങ്കിലും അസ്വാഭാവികതയില്ലെന്നും ജെയ് ഷായുടെ അഭിഭാഷകന്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം ഒരൊറ്റ സാമ്പത്തിക വര്‍ഷം(2015-16) കൊണ്ട് 50000 രൂപയില്‍ നിന്നും 80 കോടി രൂപയിലേക്ക് വരുമാനം കുതിച്ചുയര്‍ന്ന ഒരു കമ്പനി ഏത് സാഹചര്യത്തിലാണ് അടച്ചുപൂട്ടിയതെന്ന ചോദ്യത്തിന് മാത്രം വ്യക്തമായ മറുപടിയില്ല.

ജെയ് ഷായുടെ അഭിഭാഷകന്‍ ദ വൈറിന് നല്‍കിയ മറുപടിയില്‍ ഇത് സംബന്ധിച്ച എന്തെങ്കിലും വാര്‍ത്ത നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ട്. നിങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുവെന്നും ജെയ് ഷായുടെ കമ്പനിയുമായി ബന്ധപ്പെട്ടതെല്ലാം നിയമപരവും സത്യസന്ധവുമാണെന്നും മറുപടിയിലുണ്ട്. ജെയ ഷായുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കി ബുദ്ധിമുട്ടിച്ചാല്‍ കേസ് കൊടുക്കുമെന്നുമാണ് അഭിഭാഷകന്റെ മുന്നറിയിപ്പ്.