LiveTV

Live

National

രാഷ്ട്രീയ പ്രവേശ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ വേദി പങ്കിട്ട് രജനീകാന്തും കമൽ ഹാസനും

രാഷ്ട്രീയ പ്രവേശ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ വേദി പങ്കിട്ട് രജനീകാന്തും കമൽ ഹാസനും
Summary
രാഷ്ട്രീയത്തിൽ പരാജയപ്പെട്ട സിനിമ താരമാണ് ശിവാജി ഗണേശൻ എന്ന് പറഞ്ഞായിരുന്നു രജനീകാന്ത് തുടങ്ങിയത്.

രാഷ്ട്രീയ പ്രവേശ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ സൂപ്പർ താരങ്ങളായ രജനീകാന്തും കമൽ ഹാസനും വേദി പങ്കിട്ടു. അടയാറിൽ ശിവാജി ഗണേശൻ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. രജനീകാന്ത് രാഷ്ട്രീയം പറഞ്ഞപ്പോൾ കമൽ ഹാസൻ രാഷ്ട്രീയം തൊട്ടില്ല.

രാഷ്ട്രീയത്തിൽ പരാജയപ്പെട്ട സിനിമ താരമാണ് ശിവാജി ഗണേശൻ എന്ന് പറഞ്ഞായിരുന്നു രജനീകാന്ത് തുടങ്ങിയത്. സിനിമാ താരം ആയതു കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാൻ കഴിയില്ലെന്നും ആ വിജയ ഫോർമുല ഒരു പക്ഷേ കമൽ ഹാസന് അറിയാൻ സാധ്യതയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

സ്മാരകം ഉദ്ഘാടനം ചെയ്ത ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തെയും മന്ത്രിമാരെയും സാക്ഷിയാക്കിയായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രസംഗം. സാധാരണ ഇത്തരം വേദികളിൽ രാഷ്ട്രീയം പങ്കുവയ്ക്കുന്ന കമൽ ഹാസൻ, പക്ഷേ അതിന് മുതിർന്നില്ല. രാഷ്ട്രീയത്തിൽ രജനീകാന്തുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന് കമൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് രണ്ടു പേരും വേദി പങ്കിട്ടത്. ചടങ്ങിൽ ശിവാജിയുടെ മകനും നടനുമായ പ്രഭു, ശരത് കുമാർ, സത്യരാജ്, നാസർ, കാർത്തി, വിശാൽ, രാധിക തുടങ്ങിയവർ പങ്കെടുത്തു.