LiveTV

Live

National

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് ശിക്ഷായിളവ്;15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് ശിക്ഷായിളവ്;15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
Summary
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

കുവൈത്തില്‍ 119 ഇന്ത്യക്കാര്‍ക്ക് ശിക്ഷാ ഇളവ്. പതിനഞ്ച് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഇളവിലൂടെ ജയില്‍ മോചിത രാകുന്നവരെ നാട്ടിലേക്ക് തിരിച്ചെത്താനുള്ള എല്ലാ സഹായവും ചെയ്യാന്‍ കുവൈത്ത് എംബസിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. വിദേശാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. പതിനഞ്ച് ഇന്ത്യക്കാരുടെ വധശിക്ഷ ജീവ പര്യന്തമാക്കി കുറക്കാനുള്ള ഉത്തരവ് കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബഹാഹ് നല്‍കിയതായി സുഷമ് അറിയിച്ചു. ഇതിന് പുറമേ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 119 ഇന്ത്യക്കാരുടെ തടവ് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നിര്‍ദേശവും അമീര്‍ നല്‍കിയതായി സുഷമ് ട്വീറ്റ് ചെയ്തു.

സുപ്രധാനമായ ഈ തീരുമാനമെടുത്ത കുവൈത്ത് അമീറിന് നന്ദി അറിയിക്കുന്നതായും, ജയില്‍ മോചിതരാകുന്നവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അതേ സമയം ഇളവ് ലഭിച്ചവര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. മലയാളികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമല്ല.

ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന 149 ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി ഇടപെട്ട് മോചിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു അറബ് രാജ്യത്തില്‍ നിന്ന് സമാന തീരുമാനം വരുന്നത്.