LiveTV

Live

National

98ാം വയസില്‍ ബിരുദാനന്തര ബിരുദം; ബീഹാറുകാരന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍

 98ാം വയസില്‍ ബിരുദാനന്തര ബിരുദം;  ബീഹാറുകാരന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍
Summary
സാമ്പത്തിക ശാസ്ത്രത്തിലാണ് ഇദ്ദേഹം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്

പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ബീഹാര്‍ സ്വദേശിയായ രാജ്കുമാര്‍ വൈശ്യ. 98ാം വയസില്‍ ബിരുദാനന്തര ബിരുദം നേടിയ രാജ്കുമാര്‍ സമപ്രായക്കാര്‍ക്ക് മാത്രമല്ല, യുവതലമുറയ്ക്ക് കൂടി മാതൃകയാണ്. സാമ്പത്തിക ശാസ്ത്രത്തിലാണ് ഇദ്ദേഹം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

 98ാം വയസില്‍ ബിരുദാനന്തര ബിരുദം;  ബീഹാറുകാരന്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍

നളന്ദ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 2016ല്‍ ഫസ്റ്റ് ഇയര്‍ പരീക്ഷയും 2017ല്‍ സെക്കന്റ് ഇയര്‍ പരീക്ഷയും എഴുതിയ രാജ് കുമാര്‍ ഇംഗ്ലീഷാണ് മാധ്യമമായി തെരഞ്ഞെടുത്തത്. ബിരുദാനന്തര ബിരുദത്തിന് അപേക്ഷ നല്‍കിയ പ്രായം കൂടിയ ആളെന്ന നിലയില്‍ നേരത്തെ തന്നെ രാജ്കുമാര്‍ ലിംക ബുക്കില്‍ ഇടംപിടിച്ചിരുന്നു. തന്റെ ദീര്‍ഘനാളായുള്ള സ്വപ്നം പൂവണിഞ്ഞുവെന്ന് രാജ്കുമാര്‍ പറഞ്ഞു.

1920 ഏപ്രില്‍ 1ന് യുപിയിലെ ബറേലിയിലാണ് രാജ്കുമാര്‍ ജനിച്ചത്. 1938ല്‍ ആഗ്ര സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും 1940ല്‍ നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ മൂലമാണ് അക്കാലത്ത് താന്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാതിരുന്നതെന്ന് രാജ്കുമാര്‍ പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രാജ്കുമാര്‍ 1980ലാണ് അവിടെ നിന്നും വിരമിക്കുന്നത്. പിന്നീടാണ് വീണ്ടും പഠിക്കണമെന്ന മോഹം രാജ്കുമാറിനെ തേടിയെത്തുന്നത്. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണ കൂടി ലഭിച്ചതോടെ അത് സഫലമാവുകയും ചെയ്തു.

പാറ്റ്നയിലെ രാജേന്ദ്ര നഗര്‍ കോളനിയില്‍ മകന്‍ സന്തോഷ് കുമാറിനൊപ്പമാണ് വൈശ്യ താമസിക്കുന്നത്. ഭാര്യയുടെ മരണശേഷമാണ് മകനൊപ്പം താമസം മാറ്റിയത്. സസ്യഭുക്കായ രാജ്കുമാര്‍ പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നയാളാണ്. ഇപ്പോഴും കണ്ണട ഉപയോഗിക്കാതെ എഴുതാനും വായിക്കാനും രാജ്കുമാറിന് സാധിക്കും. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യും.