LiveTV

Live

National

മധുര ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി ആചാരം; കലക്ടര്‍ ഇടപെട്ടു

മധുര ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി ആചാരം; കലക്ടര്‍ ഇടപെട്ടു
Summary
തമിഴ്‍നാട്ടിലെ മധുരയിലെ ഒരു ക്ഷേത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി നടത്തിയ ആചാരത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു.

തമിഴ്‍നാട്ടിലെ മധുരയിലെ ഒരു ക്ഷേത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി നടത്തിയ ആചാരത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു. ക്ഷേത്ര പൂജാരിക്കും സഹായികള്‍ക്കും മുമ്പിലൂടെ മാറ് മറയ്ക്കാതെ ഏഴു പെണ്‍കുട്ടികളെയാണ് ആചാരത്തിന്‍റെ പേരില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവം അറിഞ്ഞയുടന്‍ ജില്ലാ കലക്ടര്‍ കെ വീര രാഘവ റാവു ഈ ദുരാചാരം നിര്‍ത്താന്‍ ഉത്തരവിട്ടു.

മധുര ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി ആചാരം; കലക്ടര്‍ ഇടപെട്ടു

കോവൈ പോസ്റ്റ് എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വീഡിയോ സഹിതം ഈ വിചിത്രാചാരത്തേക്കുറിച്ച് വാര്‍ത്ത നല്‍കിയത്. ദേവതമാരെ പോലെ അണിയിച്ചൊരുക്കിയാണ് ഏഴു പെണ്‍കുട്ടികളെ ക്ഷേത്രത്തിലെത്തിച്ചത്. അരയ്ക്ക് മുകളിലേക്ക് ഇവര്‍ക്ക് വസ്ത്രങ്ങളൊന്നുമില്ല. മാറ് മറയ്ക്കാന്‍ ആഭരണങ്ങള്‍ മാത്രം. ഋതുമതിയാകാത്ത ഏഴു പെണ്‍കുട്ടികളെയാണ് ഈ ആചാരത്തിനായി തിരഞ്ഞെടുക്കുക. ഏഴു വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നാണ് ഇതിനായി പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്. എല്ലാ വര്‍ഷവും ഈ ആചാരം നടക്കാറുണ്ട്. ഓരോ വര്‍ഷവും വ്യത്യസ്ത പെണ്‍കുട്ടികളായിരിക്കും ഇതിനായി തിരഞ്ഞെടുക്കപ്പെടുക.

ക്ഷേത്രത്തിലെ പൂജാരിമാര്‍ മാത്രമല്ല, മറ്റു സഹായികളുടെയും കണ്‍മുന്നിലൂടെയാണ് മാറ് മറക്കാതെ ഈ പെണ്‍കുട്ടികള്‍ നടക്കേണ്ടത്. മിക്കപ്പോഴും തുറിച്ചുനോട്ടങ്ങളെ ഭയന്ന് ഇവര്‍ നീളമുള്ള മുടി ഉപയോഗിച്ച് മാറ് മറയ്ക്കാന്‍ ശ്രമിക്കുന്നത് കാണാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജാരിക്കൊപ്പം ഇതേ വസ്ത്രരീതിയില്‍ രണ്ടാഴ്ചയോളമാണ് പെണ്‍കുട്ടികള്‍ കഴിയേണ്ടത്. പരമ്പരാഗതമായി അനുഷ്ഠിച്ചുപോരുന്ന ആചാരമാണെന്ന പേരില്‍ ഈ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെയാണ് ഈ വിചിത്രാചാരത്തിന് ഇവരെ നിര്‍ബന്ധിക്കുന്നത്. ഈ ആചാരം ഇനി അനുഷ്ഠിക്കണമെങ്കില്‍ പെണ്‍കുട്ടികളുടെ ശരീരം മറയ്ക്കാന്‍ ആവശ്യമായ വസ്ത്രം ഉറപ്പാക്കിയിട്ട് മതിയെന്നാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. ഇതേസമയം, ഈ പെണ്‍കുട്ടികള്‍ ഇതുവരെ ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവരെ ദേവതമാരായാണ് കണക്കാക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.