LiveTV

Live

National

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; പൊലീസിനെ ന്യായീകരിച്ച് വൈസ് ചാന്‍സലര്‍

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; പൊലീസിനെ ന്യായീകരിച്ച് വൈസ് ചാന്‍സലര്‍
Summary
തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വി.സി പൊലീസ് നടപടിയെ ന്യായീകരിച്ചത്.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പൊലീസിനെ ന്യായീകരിച്ച് ബി.എച്ച്.യു വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപതി. പൊലീസ് വനിതാ വിദ്യാര്‍ഥികളെ ആക്രമിച്ചിട്ടില്ലെന്നും ക്യാമ്പസില്‍ അക്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ സേനയെ ഉപയോഗിച്ച് പുറത്താക്കുകയാണ് ചെയ്തതെന്നുമാണ് വി.സിയുടെ ന്യായവാദം. കൂടാതെ ആയിരം വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു. സമരത്തിനിടെ ഒരു വിദ്യാര്‍ഥിനിയെ രണ്ട് പുരുഷപോലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ്. വാരാണസി ഡിവിഷണല്‍ കമ്മിഷണറില്‍നിന്ന് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വി.സി പൊലീസ് നടപടിയെ ന്യായീകരിച്ചത്. ‘സെപ്റ്റംബര്‍ 23നും 24നും ഇടയിലുളള രാത്രി യൂണിവേഴ്‌സിറ്റി പരിസരത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടിക്കുനേരെയും ലാത്തിച്ചാര്‍ജ് ഉണ്ടായിട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ സ്വത്ത് കൊള്ളയടിക്കാന്‍ ശ്രമിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെയാണ് നടപടിയെടുത്തത്.’ ത്രിപതി പറയുന്നു.

‘ വി.സിയുടെ വീട്ടിനുനേരെ കല്ലേറു നടത്തിക്കൊണ്ട് അവര്‍ അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ബി.എച്ച്.യു പ്രധാന കവാടത്തിലെ ധര്‍ണയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയ്ക്കുമേല്‍ കരിതേക്കാന്‍ ശ്രമിച്ചു. ഇത്തരം ശ്രമങ്ങള്‍ രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല.’ എന്നും അദ്ദേഹം ആരോപിച്ചു. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ നക്‌സല്‍ പ്രവര്‍ത്തനമെന്നാണ് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്. വിഷയത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ പിന്തുണയ്ക്കുന്നെന്നും സ്വാമി പറഞ്ഞു.