LiveTV

Live

National

പ്രിയ സോഹ്റ... നിന്റെ കണ്ണുനീര്‍ നിരവധി പേരുടെ ഹൃദയം തകര്‍ക്കുന്നു

പ്രിയ സോഹ്റ... നിന്റെ കണ്ണുനീര്‍ നിരവധി പേരുടെ ഹൃദയം തകര്‍ക്കുന്നു
Summary
അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാശ്മീരി പൊലീസുകാരന്‍ അബ്ദുള്‍ റഷീദിന്റെ മകള്‍

നെഞ്ച് പൊട്ടുന്ന വേദനയുമായി പിതാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്ന കൊച്ചുപെണ്‍കുട്ടി, അവള്‍ക്കറിയാം അവളുടെ അച്ഛന്‍ ഇനി തിരിച്ചുവരില്ലായെന്ന്, അവളുടെ പിതാവ് മാതൃരാജ്യത്തിന് വേണ്ടി സ്വജീവന്‍ അര്‍പ്പിച്ചുവെന്ന്...ഹൃദയം പൊട്ടി കരയാനെ അവള്‍ക്കു സാധിക്കുകയുള്ളൂ...ജീവനറ്റ തന്റെ പിതാവിന്റെ മുഖത്തേക്ക് നോക്കിയുള്ള അവളുടെ കരച്ചില്‍ ആരുടെയും ഹൃദയം തകര്‍ക്കും. സോഷ്യല്‍ മീഡിയ ആ പെണ്‍കുട്ടിയെ ഓര്‍ത്തു കരയുകയാണ്.

പ്രിയ സോഹ്റ... നിന്റെ കണ്ണുനീര്‍ നിരവധി പേരുടെ ഹൃദയം തകര്‍ക്കുന്നു

അവളാണ് സോഹ്റ... ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാശ്മീരി പൊലീസുകാരന്‍ അബ്ദുള്‍ റഷീദിന്റെ മകള്‍. തിങ്കളാഴ്ച ശ്രീനഗറിലെ പൊലീസ് ആസ്ഥാനത്ത് നടന്ന ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനും സോഹ്റയും എത്തിയിരുന്നു. തന്നോട് മിണ്ടാതെ, നോക്കാതെ കിടക്കുന്ന അച്ഛനെ നോക്കി അവള്‍ വിങ്ങിപ്പൊട്ടി.. അവിടെ കൂടി നിന്നവരുടെയല്ലാം കണ്ണില്‍ ഈ കാഴ്ച കണ്ണീരണിയിച്ചു, ഒപ്പം സൌത്ത് കശ്മീര്‍ ഡിഐജിയുടെയും. ചടങ്ങുകള്‍ കഴിഞ്ഞിട്ടും ആ കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും മാഞ്ഞുപോയില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ സോഹ്റയുടെ വേദന അദ്ദേഹം ലോകത്തെ അറിയിച്ചു. ഒപ്പം സോഹ്റയുടെ വേദനയില്‍ പങ്കുകൊള്ളുന്നതായി അദ്ദേഹം കുറിച്ചു.

എന്റെ പ്രിയപ്പെട്ട സോഹ്റ,

നിന്റെ കണ്ണുനീര്‍ നിരവധി പേരുടെ ഹൃദയങ്ങളെ തകര്‍ത്തിരിക്കുന്നു. നിന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. എന്തുകൊണ്ടാണ് ഇത് സംഭവിച്ചു എന്ന് മനസ്സിലാക്കാൻ നീ വളരെ ചെറുപ്പമാണ്. നിന്റെ അച്ഛന്‍ കശ്മീര്‍ പൊലീസിന്റെ ധീരതയുടെയും ശൌര്യത്തിന്റെയും പ്രതീകമാണ്.

നമ്മുടെ പൊലീസുകാരുടെ കുടുംബങ്ങള്‍ സമൂഹത്തിന് പൊതു നന്മയ്ക്കായി ഒത്തിരിയേറെ ദുരിതങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ആ മുഖങ്ങളും കഥകളും തീർച്ചയായും മഹത്തരമായ ഒരു ചരിത്രം സൃഷ്ടിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരെയും നായകന്‍മാരെയും ഞങ്ങള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ജമ്മു കശ്മീര്‍ പൊലീസിന്റെ സാമൂഹ്യസേവന യാത്രയില്‍ പൊലീസുകാരുടെ കുടുംബങ്ങളും ഒരു ഭാഗമാണ്.

ഈ സുപ്രധാന ഘട്ടത്തിൽ നമ്മൾ എല്ലാവരും ഒരു കുടുംബമാണെന്നോർക്കുക. നിങ്ങളുടെ ഓരോ തുള്ളി കണ്ണുനീരും ഞങ്ങളുടെ ഹൃദയത്തില്‍ പൊള്ളുന്നുണ്ട്. സമൂഹത്തെ മെച്ചപ്പെടുത്തുന്നതിന് സേവനങ്ങൾ നൽകുന്നതിനുള്ള ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ടുപോകാനുള്ള ബലം ദൈവം ഞങ്ങൾക്കു നൽകും. ജോലിക്കിടയില്‍ സ്വജീവനര്‍പ്പിച്ച അബ്ദുള്‍ റഷീദ് ഒരു യഥാര്‍ത്ഥ പൊലീസുകാരനായിരുന്നു.