LiveTV

Live

National

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെ പാഠം പഠിപ്പിക്കും: ഹര്‍ദിക് പട്ടേല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെ പാഠം പഠിപ്പിക്കും: ഹര്‍ദിക് പട്ടേല്‍
Summary
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തെ വരെ വിറപ്പിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ബിജെപിയുടെ നോട്ടപ്പുള്ളിയായ യുവനേതാവാണ് ഹര്‍ദിക് പട്ടേല്‍ എന്ന 24 കാരന്‍.

രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തെ വരെ വിറപ്പിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ബിജെപിയുടെ നോട്ടപ്പുള്ളിയായ യുവനേതാവാണ് ഹര്‍ദിക് പട്ടേല്‍ എന്ന 24 കാരന്‍. ഗുജറാത്തില്‍ ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന പട്ടേല്‍ വിഭാഗത്തെ നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ തെരുവിലിറക്കാന്‍ നേതൃത്വം നല്‍കിയത് ഹര്‍ദിക് ആയിരുന്നു. ഗുജറാത്തില്‍ ഒരിക്കല്‍ കൂടി നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഹര്‍ദികിന്റെ നയങ്ങള്‍ ബിജെപിക്ക് നിര്‍ണായകമാകും. ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ പട്ടേല്‍ വിഭാഗത്തോട് ഹര്‍ദിക് പരോക്ഷമായി ആഹ്വാനം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെ പാഠം പഠിപ്പിക്കും: ഹര്‍ദിക് പട്ടേല്‍

''നിങ്ങള്‍ പറയുമായിരിക്കും നമുക്ക് ഒരു ഓപ്ഷനില്ലെന്ന്. പക്ഷേ നമ്മളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടാക്കുന്ന തരത്തില്‍ ചിലതൊക്കെ ചെയ്യാനുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാജ്യം മുഴുവന്‍ നമ്മളിലേക്കാണ് ഉറ്റുനോക്കുന്നത്'' - ഹര്‍ദിക് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിയെ പിന്തുണക്കുമെന്ന കാര്യത്തില്‍ പട്ടേല്‍ പ്രക്ഷോഭം നടന്ന് ഇത്ര കാലത്തിനിടെ ആദ്യമായാണ് ഹര്‍ദിക് സൂചന നല്‍കുന്നത്. രണ്ടു വര്‍ഷം മുമ്പ് രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ പട്ടേല്‍ പ്രക്ഷോഭത്തിന്റെ വാര്‍ഷകത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിനിടെയാണ് ഹര്‍ദിക് തന്റെ നയം പരോക്ഷമായെങ്കിലും വ്യക്തമാക്കിയത്. എന്നാല്‍ ഹര്‍ദികിന്റെ വാക്കുകള്‍ മോദി നേതൃത്വം നല്‍കുന്ന ബിജെപിക്ക് ശക്തമായ മുന്നറിയിപ്പാണ്.

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതുവഴി മോദിയെ ഒരു പാഠം പഠിപ്പിക്കുമെന്നും ഹര്‍ദിക് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു കഴിഞ്ഞു. ഗുജറാത്തിലെ 182 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലും പട്ടേല്‍ വിഭാഗത്തിന് ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയും. നിലവില്‍ ബിജെപിയുടെ അക്കൌണ്ടിലാണ് ഈ മണ്ഡലങ്ങളൊക്കെയും. ഇവിടെയൊക്കെ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിക്കുകയാണ് ഇത്തവണ പട്ടേല്‍ വിഭാഗത്തിന്റെ ഉന്നമെന്നും ഹര്‍ദിക് പറഞ്ഞു. ഹിന്ദുത്വത്തിന്റെ പ്രചാരകരായല്ല, മറച്ച് ചൂഷണം ചെയ്യുന്നവരും അടിച്ചമര്‍ത്തുന്നവരുമായാണ് ബിജെപിയെ ഇന്ന് പട്ടേല്‍ വിഭാഗക്കാര്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും കണ്ണടച്ചുള്ള പിന്തുണ ബിജെപിക്ക് പട്ടേല്‍ വിഭാഗക്കാര്‍ക്കിടയില്‍ നിന്നു ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കേണ്ടെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. ഗുജറാത്താണ് മോദിയുടെ അടിത്തറ. ആ അടിത്തറ പട്ടേലുകള്‍ ഇളക്കുമെന്നും ഹര്‍ദിക് പറഞ്ഞു.