LiveTV

Live

National

സ്വകാര്യത മൗലികാവകാശമെന്ന വിധി ബീഫ് നിരോധത്തിനും ബാധകം: സുപ്രീംകോടതി

സ്വകാര്യത മൗലികാവകാശമെന്ന വിധി ബീഫ് നിരോധത്തിനും ബാധകം: സുപ്രീംകോടതി
Summary
സ്വകാര്യതയില്‍ ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുമെന്ന് വിധിയില്‍ പറയുന്നുണ്ട്

സ്വകാര്യത മൌലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെയും ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധവുമായി ബന്ധപ്പെട്ട് ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഉല്‍പ്പാദന ശേഷിയില്ലാത്ത കന്നുകാലികളെ അറക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ്, പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ പുനപരിശോധിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് കോടതിയോട് ആവശ്യപ്പെട്ടു.

ബീഫ് കൈവശം വെച്ചുവെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനും സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് ബീഫ് കൊണ്ട് വരുന്നത് നിരോധിച്ചുമുള്ള മഹാരാഷ്ട്ര മൃഗസംരക്ഷ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ നേരത്തെ മുംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാരും ഭേദഗതി നിയമം മുഴുവന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട 30 സാമൂഹ്യ പ്രവര്‍ത്തകര്‍ ഒരുമിച്ച് നല്‍കിയ ഹരജിയും പരിഗണിക്കുന്നതിനിടെയാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

സ്വകാര്യത മൌലികാവകാശമാണെന്ന് ഒന്‍പതംഗ ഭരണഘടന ബെഞ്ച് വിധിച്ചതോടെ, ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന ഹരജി നിലനില്‍ക്കില്ലെന്നും ബീഫ് നിരോധം തന്നെ സ്വകാര്യത വിധിയുടെ അടിസ്ഥാനത്തില്‍ അസാധുവാക്കാമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ മുതര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് വാദിച്ചു. ഇത് ശരിവെച്ചാണ് സ്വകാര്യത വിധി ബീഫ് നിരോധം പോലുള്ള കാര്യങ്ങള്‍ക്ക് ബാധകമാകുമെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചത്.

കറവ വറ്റിയതും ഉല്‍പ്പാദന ശേഷി കുറഞ്ഞതുമായ കന്നുകാലികളെ അറക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം ശരിവെച്ച സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധി സ്വകാര്യത വിധിയുടെ അടിസ്ഥാനത്തില്‍ പുനപ്പരിശോധിക്കണമെന്നും ഇന്ദിര ജെയ്സിംഗ് കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞ കോടതി കേസ് മൂന്നാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.