LiveTV

Live

National

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
Summary
ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് എകെ രൂപന്‍വാള്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടു.

ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് എകെ രൂപന്‍വാള്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. സര്‍വകലാശാല നടപടി ആത്മഹത്യക്ക് കാരണമല്ലെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയമിച്ച ജസ്റ്റിസ് എകെ രൂപന്‍വാള്‍ കമ്മീഷന്‍റെ കണ്ടെത്തല്‍.

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

രോഹിത് ദലിതനല്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിമാരായ ഭണ്ഡാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവര്‍ക്ക് ക്ലീന്‍ ചിട്ട് നല്‍കുന്നതാണ്. ഹൈദരബാദ് സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കാന്പസില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെട്ട രോഹിത് വെമുല 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറില്‍ തൂങ്ങിമരിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ 2016 ഫെബ്രുവരി രണ്ടിനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന എകെ രൂപന്‍വാളിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നാണ് രൂപന്‍വാള്‍ അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍.

രോഹിതിനൊപ്പം പുറത്താക്കിയ 4 പേര്‍ക്ക് ഇത്തരം പ്രവണത ഇല്ലാതിരുന്നതും രോഹിതിന്‍റെ ആത്മഹത്യ കുറിപ്പിലെ നിരാശയും ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതിരുന്നതും ആത്മഹത്യ കാരണം വ്യക്തിപരമാണെന്നതിന് തെളിവായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാല നടപടിയാണ് ആത്മഹത്യാ പ്രേരകമെങ്കില്‍ അക്കാര്യം കുറിപ്പില്‍ വ്യക്തമാക്കുമായിരുന്നു എന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥികളെ പുറത്താക്കിയ സര്‍വകലാശാല നടപടിയില്‍ എംഎല്‍സി രാമചന്ദ്ര റാവു, തൊഴില്‍ മന്ത്രി ഭണ്ഡാരു ദത്താത്രേയ, ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് പങ്കില്ലെന്നും കമ്മീഷന്‍ പറയുന്നു. വിദ്യാര്‍ഥി പ്രശ്ന പരിഹാരത്തിന് സ്ഥായിയായ സംവിധാനം സര്‍വകലാശാലയില്‍ ഇല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി 2016 ആഗസ്റ്റിലാണ് രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.