LiveTV

Live

National

സിആര്‍പിഎഫ് ജവാന്മാര്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം

സിആര്‍പിഎഫ് ജവാന്മാര്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം
Summary
സിആര്‍പിഎഫ് ജവാന്മാര്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഛത്തിസ്ഗഡ് പൊലീസ് അന്വേഷണം തുടങ്ങി

സിആര്‍പിഎഫ് ജവാന്മാര്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഛത്തിസ്ഗഡ് പൊലീസ് അന്വേഷണം തുടങ്ങി. ദന്തേവാഡയിലെ ഹോസ്റ്റലില്‍ വെച്ച് ജവാന്മാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

സാമൂഹ്യപ്രവര്‍ത്തകനായ ഹിമാന്‍ഷു കുമാര്‍ ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെയാണ് സിആര്‍പിഎഫ് ജവാന്മാര്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത്. സ്കൂള്‍ ഹോസ്റ്റലില്‍ വെച്ച് രക്ഷാബന്ധന്‍ ആഘോഷത്തോടനുബന്ധിച്ച് സംപ്രേഷണം ചെയ്യാന്‍ ഒരു ചാനല്‍ പരിപാടി ചിത്രീകരിച്ചിരുന്നു. സിആര്‍പിഎഫ് ജവാന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. കുട്ടികള്‍ ജവാന്മാര്‍ക്ക് രാഖി കെട്ടുന്നത് ചിത്രീകരിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞ് ടോയ്‍ലറ്റില്‍ പോയ കുട്ടികളെ ജവാന്മാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

സംഭവമറിഞ്ഞ് സാമൂഹ്യപ്രവര്‍ത്തക സോണി സോറി ഉള്‍പ്പെടെയുള്ളവര്‍ ഹോസ്റ്റലിലെത്തി. പക്ഷേ കുട്ടികളെ കാണാന്‍ അനുവാദം ലഭിച്ചില്ല. പിന്നീട് വാര്‍ഡന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യൂണിഫോമിലെത്തിയ ചിലര്‍ എന്നല്ലാതെ ജവാന്മാരുടെ പേരുവിവരങ്ങള്‍ കുട്ടികള്‍ക്കോ വാര്‍ഡനോ അറിയില്ല. ഹോസ്റ്റലിന് തൊട്ടടുത്തുതന്നെയാണ് സിആര്‍പിഎഫ് ക്യാമ്പ്. പെണ്‍കുട്ടികളുടെ മൊഴിയെടുത്താല്‍ ആരാണ് ഉപദ്രവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.