LiveTV

Live

National

മന്ത്രവാദിനിയെന്ന് ആരോപിച്ച് ദലിത് വൃദ്ധയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

മന്ത്രവാദിനിയെന്ന് ആരോപിച്ച് ദലിത് വൃദ്ധയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു
Summary
ദലിത് കുടുംബത്തില്‍പ്പെട്ട 62 വയസ്സുകാരി മാന്‍ദേവിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്

ആഗ്രയിലെ താനാ ദൌകി ഗ്രാമത്തില്‍ മന്ത്രവാദം ആരോപിച്ച് ദലിത് വൃദ്ധയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുത്നൈ ഗ്രാമത്തിലെ ദലിത് കുടുംബത്തില്‍പ്പെട്ട 62 വയസ്സുകാരി മാന്‍ദേവിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വഴി തെറ്റിയാണ് മാന്‍ദേവി താനാദൌകി ഗ്രാമത്തില്‍ എത്തിയതെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിവിടങ്ങളില്‍ മന്ത്രവാദത്തിലൂടെ സ്ത്രീകളെ മയക്കിക്കിടത്തി മുടി മുറിച്ചുമാറ്റുന്ന സംഭവങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗ്രയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മാന്‍ദേവി കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ മന്ത്രവാദിനിയായ വൃദ്ധ എത്തിയതായുള്ള വാര്‍ത്ത പരന്നതോടെയാണ് ആളുകള്‍ കൂട്ടമായെത്തി മാന്‍ദേവിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

മാന്‍ദേവി വഴി‌തെറ്റിയാണ് സവര്‍ണര്‍ താമസിക്കുന്ന പ്രദേശത്ത് എത്തിയതെന്നും വിവരം ഗ്രാമവാസികളോട് പറഞ്ഞിട്ടും മര്‍ദ്ദിക്കുകയായിരുന്നെന്നും മാന്‍ദേവിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മാന്‍ദേവിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാന്‍ദേവിയെ തല്ലിക്കൊന്ന ശേഷം മൃതദേഹം തങ്ങളുടെ പ്രദേശത്ത് കൊണ്ടുവന്നിട്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസ് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.