LiveTV

Live

National

എല്‍പിജി സബ്സിഡിയെ ചൊല്ലി ബഹളം; രാജ്യസഭ പലകുറി നിര്‍ത്തിവെച്ചു

എല്‍പിജി സബ്സിഡിയെ ചൊല്ലി ബഹളം; രാജ്യസഭ പലകുറി നിര്‍ത്തിവെച്ചു
Summary
അര്‍ഹര്‍ക്കുള്ള സബ്സിഡി എടുത്തുകളയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞു.

പാചകവാതക സിലിണ്ടറിന്‍റെ സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പല തവണ നിര്‍ത്തിവെച്ചു. അതേസമയം അര്‍ഹര്‍ക്കുള്ള സബ്സിഡി എടുത്തുകളയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞു. മാര്‍ച്ച് മാസത്തോടെ പാചക വാതക സിലിണ്ടറുകളുടെ സബ്സിഡി പൂര്‍ണമായും എടുത്തുകളയുന്നതിനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ചൊല്ലി പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു.

ഇതിനെ ചൊല്ലി രാജ്യസഭയിലാണ് പ്രതിപക്ഷം ആദ്യം പ്രതിഷേധസ്വരം ഉയര്‍ത്തിയത്. വിലകയറ്റം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടര്‌‍ന്ന് രണ്ട് തവണ സഭ നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ അര്‍ഹര്‍ക്കുള്ള സബ്സിഡി എടുത്തുകളയില്ലെന്ന ബഹളത്തിനിടെ പെട്രോളിയം മന്ത്രി സഭയെ അറിയിച്ചു. അതേസമയം ലോക് സഭയിലെ ശൂന്യവേളയില്‍ വിഷയം വീണ്ടും അവതരിപ്പിച്ച എന്‍കെ പ്രേചന്ദ്രനും പികെ ശ്രീമതിയും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാരിന് സുതാര്യതയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍ മന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന ആവശ്യം ശൂന്യവേളയില്‍ പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു. ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വിഷയത്തെചൊല്ലി പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്നും രാജ്യസഭ 2 തവണ നിര്‍ത്തിവെക്കേണ്ടിവന്നു.