LiveTV

Live

National

ഗോവധം നിരോധിച്ചിട്ടും ബീഫ് കയറ്റുമതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഗോവധം നിരോധിച്ചിട്ടും ബീഫ് കയറ്റുമതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
Summary
രാജ്യത്ത് ഗോവധ നിരോധം പ്രാബല്യത്തില്‍ വന്ന് കാലംകുറച്ചായിട്ടും ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ മൂന്നാം സ്ഥാനത്തു തന്നെയാണ് ഇന്ത്യ.

രാജ്യത്ത് ഗോവധ നിരോധം പ്രാബല്യത്തില്‍ വന്ന് കാലംകുറച്ചായിട്ടും ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ മൂന്നാം സ്ഥാനത്തു തന്നെയാണ് ഇന്ത്യ.ഈ സ്ഥാനത്തിന് കുറച്ച് പോലും ഇളക്കം തട്ടിയിട്ടില്ലെന്ന് എഫ്എഒ - ഒഇസിഡി സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു മാറ്റവും വരില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗോവധം നിരോധിച്ചിട്ടും ബീഫ് കയറ്റുമതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

കഴിഞ്ഞ വര്‍ഷം ഇന്ത്യ 15.6 ലക്ഷം ടണ്‍ ബീഫാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്ന് എഫ്എഒ - ഒഇസിഡിയുടെ 2017-2026 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം ഇതോടെ ഇന്ത്യ ഉറപ്പിച്ചു. അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു കോട്ടവും തട്ടില്ല. 2026 ഓടെ മൊത്തം ബീഫ് കയറ്റുമതിയില്‍ ആഗോള വിപണിയുടെ 16 ശതമാനം ഇന്ത്യ സ്വന്തമാക്കും. അപ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി 19.3 ലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതേസമയം, ഏതു മൃഗത്തിന്‍റെ ഇറച്ചിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതലും പോത്തിറച്ചിയാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്ത് മൊത്തം 1.09 കോടി ടണ്‍ ബീഫാണ് കയറ്റുമതി ചെയ്യപ്പെട്ടത്. 2026 ഓടെ ഇത് 1.24 കോടി ടണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയയാണ് രണ്ടാമത്.