LiveTV

Live

National

സ്വകാര്യത മൌലികാവകാശമാണോ? സുപ്രീംകോടതിയില്‍ വാദം തുടങ്ങി

സ്വകാര്യത മൌലികാവകാശമാണോ? സുപ്രീംകോടതിയില്‍ വാദം തുടങ്ങി
Summary
സ്വകാര്യത മൌലികാവകാശമാണോയെന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം ആരംഭിച്ചു.

സ്വകാര്യത മൌലികാവകാശമാണോയെന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം ആരംഭിച്ചു. ഭരണഘടനയുടെ മൌലികാവകാശങ്ങള്‍ അന്തര്‍ലീനമായിരിക്കുന്നതാണ് സ്വകാര്യതക്കുള്ള അവകാശമെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. സ്വകാര്യതയാണ് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ മുഖം. സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യമോ സ്വാതന്ത്ര്യമില്ലാതെ സ്വകാര്യതയോ ഇല്ലെന്നും ഹരജിക്കാര്‍ വാദിച്ചു. വിഷയത്തില്‍ നാളെയും വാദം തുടരും.

ആധാറുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഒമ്പതംഗ ഭരണഘടന ബെഞ്ച് സ്വകാര്യത മൌലികാവകാശമാണോയെന്ന കാര്യത്തില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്‍റെ അധ്യക്ഷതയിലുള്ള ഒമ്പതംഗ ബെഞ്ച് ഇന്ന് മുഴുവനും വിഷയത്തില്‍ വാദം കേട്ടു. പരാതിക്കാരുടെ വാദങ്ങളാണ് കോടതി ഇന്ന് കേട്ടത്. സ്വകാര്യത അവകാശമായി ഭരണഘടന പ്രത്യേകം പറയുന്നില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യത്തില്‍ സ്വകാര്യതയും അടങ്ങിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രമണ്യം വാദിച്ചു.

വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും പരസ്പര പൂരകങ്ങളാണ്. സ്വകാര്യത അവകാശമല്ലാത്തിടത്ത് വ്യക്തിസ്വാതന്ത്ര്യം നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൌലികാവകാശത്തില്‍ മാധ്യമ സ്വാതന്ത്ര്യം അന്തര്‍ലീനമായിരിക്കുന്നത് പോലെ, വ്യക്തി സ്വാതന്ത്ര്യത്തില്‍ സ്വകാര്യതയും അടങ്ങിയിട്ടുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ സോളി സൊറാബ്ജി വാദിച്ചു.

ഭരണഘടനയുടെ 14,19,21 അനുഛേദങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ സ്വകാര്യത അവകാശമാണെന്ന കാര്യം വ്യക്തമാകുമെന്ന് അഭിഭാഷകനായ ശ്യാം ദിവാനും വാദിച്ചു. പരാതിക്കാരുടെ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വാദം അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നാളെ അവതരിപ്പിക്കും.