LiveTV

Live

National

ലൈംഗിക അതിക്രമത്തെ അതിജീവിച്ചവര്‍ക്ക് അഭിഭാഷകരാവാന്‍ പരിശീലനം

ലൈംഗിക അതിക്രമത്തെ അതിജീവിച്ചവര്‍ക്ക് അഭിഭാഷകരാവാന്‍ പരിശീലനം
Summary
ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ ആ സാഹചര്യത്തെ അതിജീവിച്ചവരെ പ്രാപ്തരാക്കുകയാണ് സ്കൂളിന്‍റെ ലക്ഷ്യം.

ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് അഭിഭാഷകരാകാന്‍ പരിശീലനം നല്‍കാന്‍ സ്ഥാപനം തുടങ്ങി. ഫ്രീ എ ഗേള്‍ എന്ന ഡച്ച് സംഘടനയാണ് സ്‌കൂള്‍ ഫോര്‍ ജസ്റ്റിസ് എന്ന സ്ഥാപനം ഇന്ത്യയില്‍ തുടങ്ങിയത്. ഏപ്രിലില്‍ ക്ലാസ് ആരംഭിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ സ്‌കൂള്‍ എവിടെയാണെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ ആ സാഹചര്യത്തെ അതിജീവിച്ചവരെ പ്രാപ്തരാക്കുകയാണ് സ്കൂളിന്‍റെ ലക്ഷ്യം. നിയമത്തിന്‍റെ വഴിയെ പോരാടി നീതി നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 19 പേരാണ് ഇപ്പോള്‍ പരിശീലനം നേടുന്നത്. നാല് പേര്‍ക്ക് ഇതിനകം തന്നെ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി പഠനം തുടരാന്‍ അനുമതി ലഭിച്ചു.

"വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒമ്പതാം വയസില്‍ വീടുവിട്ടതാണ് ഞാന്‍. പണക്കാരുടെ വീടുകളില്‍ വേലക്കാരിയായി. തോട്ടം സൂക്ഷിപ്പുകാരും സെക്യൂരിറ്റിയും തൂപ്പുകാരും അടക്കം കുറേ പുരുഷന്മാര്‍ എന്നെ ലൈംഗികചൂഷണത്തിന് വിധേയയാക്കി. സഹികെട്ട് ആ ജോലി ഉപേക്ഷിച്ച് സഹായം തേടി തെരുവില്‍ അലഞ്ഞു. സഹായിക്കാമെന്നേറ്റ സ്ത്രീ വേശ്യലായത്തിന് എന്നെ വിറ്റു. അന്ന് 13 വയസ്സായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ എനിക്ക് പൊരുതണം. അതിനാണ് ഞാന്‍ അഭിഭാഷകയാകുന്നത്"- പരിശീലനം നേടുന്ന ഒരു പെണ്‍കുട്ടി പറഞ്ഞതിങ്ങനെ.