LiveTV

Live

National

തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസ്സുകാരിയെ തല്ലിക്കൊന്നു

തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസ്സുകാരിയെ തല്ലിക്കൊന്നു
Summary
തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസുകാരിയെ തോട്ടമുടമ മര്‍ദിച്ച് കൊന്നു.

തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസുകാരിയെ തോട്ടമുടമ മര്‍ദിച്ച് കൊന്നു. ബിഹാറിലെ അരാരിയ ജില്ലയിലാണ് സംഭവം. അമേരുണ്‍ ഖതുന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം പെരുന്നാള്‍ ഷോപ്പിങ് കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയാണ് അടുത്തുള്ള തോട്ടത്തില്‍ മാങ്ങ പറിക്കാനായി അമേരുണ്‍ കയറിയത്. പിതാവ് വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും അമേരുണിനെ കാണാതിരുന്നതോടെ അന്വേഷിച്ച് ചെന്നപ്പോഴാണ് തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്.

ദേഹമാകെ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് പിതാവ് പറഞ്ഞു. തോട്ടമുടമയായ സഞ്ജയ് മേഹ്തയും സഹായിയും തന്‍റെ മകളെ മര്‍ദിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

തോട്ടമുടമ സഞ്ജയ് മേഹ്ത ഒളിവിലാണ്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ തോട്ടമുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.