LiveTV

Live

National

ജുനൈദ് വധം: രണ്ട് പ്രതികള്‍ സര്‍ക്കാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ജുനൈദ് വധം: രണ്ട് പ്രതികള്‍ സര്‍ക്കാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്
Summary
ജുനൈദ് വധത്തില്‍ പ്രതിഷേധിച്ചും സംഭവത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടുമുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്..

പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഹരിയാന സ്വദേശിയായ ജുനൈദിനെ ട്രെയിനില്‍ വച്ച് കൊലപ്പെടുത്തിയവരില്‍ രണ്ട് പേര്‍ ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ടുകള്‍‍. കേസില്‍ അഞ്ച് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുളളത്. ജുനൈദ് വധത്തില്‍ പ്രതിഷേധിച്ചും സംഭവത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടുമുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്.

ജൂണ്‍ 24-ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്ന് റംസാന്‍ ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഗഢിലേക്ക് ട്രെയിനില്‍ മടങ്ങിവരുന്പോഴാണ് ജുനൈദ് ആള്‍ക്കൂട്ട ആക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോല്‍ മര്‍ദ്ദനം ആരംഭിച്ചതും ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരായ 2 പേരാണെന്നാണ് വിവരം.

50 വയസ്സുകാരനായ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പൊലീസ് അറസ്റ്റ് ചെയ്ത 5പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരനെ ജുനൈദിന്റെ സഹോദരങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പശുമാംസം ഭക്ഷിക്കുന്നവനെന്നും ദേശദ്രോഹി എന്ന് വിളിച്ചുമായിരുന്നു ആക്രമണമെന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജുനൈദിന്റെ സഹോദരങ്ങള്‍ പറഞ്ഞു.

അറസ്റ്റിലായ മറ്റുള്ളവര്‍ 24നും 35നും ഇടയില്‍ പ്രായമുള്ളവരാണെന്ന് മാത്രമാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ജുനൈദിന്റെ കൊലപാതകത്തില്‍ നീതി തേടിയും ഗോമാംസത്തിന്റെ പേരിലുള്ള ജനക്കൂട്ട കൊലപാതങ്ങള്‍ക്കും ദളിത് ന്യൂനപക്ഷള്‍ക്കെതിരായുള്ള ആക്രമങ്ങള്‍ക്കും എതിരായുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്.