LiveTV

Live

National

ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ ഭരണ സമിതി പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം

ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ ഭരണ സമിതി പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം
Summary
എല്ലാ സ്ഥാപനങ്ങളും കാവിവത്കരിയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ളതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് കോണ്‍ഗ്രസ്

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനു പിറകെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ ഭരണ സമിതിയും കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു. മുതിര്‍ന്ന ഹിന്ദി മാധ്യമ പ്രവര്‍ത്തകനായ രാം ബഹാദൂര്‍ റായിയുടെ അദ്ധ്യക്ഷതയില്‍ പുതിയ ഭരണ സമിതിയെയും സര്‍ക്കാര്‍ നിയമിച്ചു. എല്ലാ സ്ഥാപനങ്ങളും കാവിവത്കരിയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ളതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പൊതു താല്പര്യാര്‍ത്ഥമാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

ചരിത്ര ഗവേഷണ കൌണ്‍സിലിലും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുമൊക്കെ സ്വീകരിച്ചതു പോലെ ഏകപക്ഷീയവും പൊടുന്നനെയുള്ളതുമായ നടപടിയിലൂടെയാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇന്ധിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ ഭരണ സമിതി പിരിച്ചു വിട്ടത്. 1985ല്‍ രാജീവ് ഗാന്ധിയുടെ കാലത്താണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴില്‍ കലാരംഗത്തെ പരിപോഷിപ്പിയ്ക്കുന്നതിനുള്ള ഗവേഷണ, പ്രസിദ്ധീകരണ സ്ഥാപനമായി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് രൂപീകരിച്ചത്. സ്വയംഭരണ സ്ഥാപനമാണ് ഇത്. ഇതിന്റെ നിലവിലുള്ള ഭരണ സമിതി പൂര്‍ണമായി പിരിച്ചു വിട്ടാണ് രാം ബഹാദൂര്‍ റായിയുടെ അദ്ധ്യക്ഷതയില്‍ പുതിയ ഇരുപതംഗ ഭരണ സമിതിയെ സര്‍ക്കാര്‍ നിയമിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ പദ്മ പുരസ്കാര ജേതാവാണ് മുതിര്‍ന്ന ഹിന്ദി മാധ്യമപ്രവര്‍ത്തകനായ രാം ബഹാദൂര്‍ റായി. ജഗ് മോഹന്‍, സോനാല്‍ മാന്‍സിങ്ങ്, സരയൂ ദോഷി, പ്രസൂന്‍ ജോഷി തുടങ്ങിയവരെയാണ് സര്‍ക്കാര്‍ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. എല്ലാവരും അടുത്ത സംഘപരിവാര്‍ ബന്ധം ഉള്ളവരാണ്. സ്ഥാപനങ്ങളെ കാവിവത്കരിയ്ക്കുന്ന നീക്കത്തിന്റെ ഭാഗമായുള്ള നടപടിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പൊതു താല്പര്യാര്‍ത്ഥമാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചരിത്ര ഗവേഷഷണ കൌണ്‍സില്‍ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അത് വകവെയ്ക്കാതെ പുതിയ നടപടി.