LiveTV

Live

National

'മരിച്ച്' ജനിച്ച് ജീവിച്ച കുഞ്ഞ്; ജീവനുണ്ടെന്ന് മനസിലായത് ശവസംസ്കാര ചടങ്ങിനിടെ

'മരിച്ച്' ജനിച്ച് ജീവിച്ച കുഞ്ഞ്; ജീവനുണ്ടെന്ന് മനസിലായത് ശവസംസ്കാര ചടങ്ങിനിടെ
Summary
ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവില്‍ ശവസംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്റെ തുടിപ്പ്.

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവില്‍ ശവസംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്റെ തുടിപ്പ്. ഡല്‍ഹിയിലാണ് ഈ വിസ്‍മയം. 22 ആഴ്ച പ്രായമുള്ള കുഞ്ഞിനാണ് രോഹിത് ടണ്ടന്‍ എന്ന 27 കാരന്റെ ഭാര്യ ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ജന്മം നല്‍കിയത്. ജനനസമയത്ത് തന്നെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍ വിധി എഴുതുകയും ചെയ്തു. ഏകദേശം അഞ്ചര മാസമായപ്പോള്‍ തന്നെ പ്രസവം നടന്നതിനാല്‍ ഇത് വിശ്വസിച്ച് കുഞ്ഞിന്റെ 'മൃതദേഹ'വുമായി കുടുംബം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മരിച്ചെന്ന് സ്ഥിരീകരിച്ച് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

'മരിച്ച്' ജനിച്ച് ജീവിച്ച കുഞ്ഞ്; ജീവനുണ്ടെന്ന് മനസിലായത് ശവസംസ്കാര ചടങ്ങിനിടെ

എന്നാല്‍ വീട്ടിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ശവസംസ്‍കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് കുഞ്ഞ് ശ്വസിക്കുന്നതായി പിതാവിന് തോന്നിയത്. തുടര്‍ന്ന് സംശയമാണോ എന്നറിയാന്‍ ഒരിക്കല്‍ കൂടി സൂക്ഷിച്ച് പരിശോധിച്ചതോടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന് ഉറപ്പായത്. തന്റെ കുഞ്ഞിനെ അവസാനമായി ഒരു നോക്കുകൂടി കാണാനായി നോക്കിയപ്പോഴായിരുന്നു കുഞ്ഞ് ശ്വസിക്കുന്നത് പിതാവ് രോഹിത് ടണ്ടന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാള്‍ ബന്ധുക്കളെ വിളിച്ച് കാണിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ഭാര്യ പ്രസവിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‍സുമാരും എന്തു പഠിച്ചിട്ടാണ് രോഗികളെ പരിശോധിച്ച് രോഗം നിര്‍ണയിക്കുന്നതെന്നും എന്താണ് അവര്‍ക്ക് അറിയാവുന്നതെന്നും രോഹിത് ചോദിക്കുന്നു. മരിച്ചെന്ന് സ്ഥിരീകരിച്ച് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് സീല്‍ ചെയ്തു തന്ന കുഞ്ഞിന്റെ 'ശരീരം' താന്‍ അവസാനമായി ഒരുനോക്ക് കൂടി കാണാന്‍ തോന്നിയിരുന്നില്ലെങ്കില്‍ അവര്‍ തന്റെ കുഞ്ഞിനെ യഥാര്‍ഥത്തില്‍ കൊല്ലുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ക്കെതിരെ രോഹിത് ആഞ്ഞടിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രോഹിത്തും കുടുംബവും. അതേസമയം, 22 ആഴ്ചയില്‍ താഴെ പ്രായമെത്തിയ, 500 ഗ്രാമില്‍ കുറവ് ഭാരമുള്ള കുഞ്ഞ് ജനിച്ചാല്‍ അതിജീവിക്കാന്‍ സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.