LiveTV

Live

National

ആ ജഡ്ജിയെ ഞാന്‍ നേരിട്ട് 'അനുഭവിച്ചിട്ടുണ്ട്'

ആ ജഡ്ജിയെ ഞാന്‍ നേരിട്ട് 'അനുഭവിച്ചിട്ടുണ്ട്'
Summary
"ത്രേതായുഗത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. അന്ന് നിങ്ങള്‍ എന്നോടൊപ്പം ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ടാവണം. അല്ല ചെയ്തിട്ടുണ്ട്....

മയില്‍ ഇണചേരാറില്ലെന്നും നിത്യബ്രഹ്മചാരിയായതിനാലാണ് ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നും പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുമായുള്ള മുന്‍ അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍. ട്രെയിന്‍ യാത്രക്കിടെ ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ്മയുമായി നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് മീഡിയവണ്‍ ഡല്‍ഹി ബ്യൂറോ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്‍റ് എ റശീദുദ്ദീനാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

ആ ജഡ്ജിയെ ഞാന്‍ നേരിട്ട് 'അനുഭവിച്ചി'ട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ സിഎന്‍എന്‍ ഐബിഎന്നില്‍ സാക്ക ജേക്കബുമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ദൈവമേ ഇത് ആ ജഡ്ജി ആണല്ലോ എന്ന് ഓര്‍മയായത്....
ക്യാമറാമാന്‍ രെജിത്തിന്റെ ( Rejith Prajisha )കൂടെ ജൈസല്‍മീറിലേക്കുള്ള യാത്രക്കിടെയിലാണ് ജയ്പൂരില്‍ നിന്നും ജോധ്പൂര്‍ വരെ ഇദ്ദേഹം ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നത്. നിങ്ങളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായി ചോദ്യം. കക്ഷി ആരാണെന്നു ഒരു പിടുത്തവും അപ്പോള്‍ ഞങ്ങള്‍ക്കില്ല. ഒപ്പം ഒരു ഗണ്മാന്‍ ഉള്ളത് കൊണ്ട് വിഐപി ആണെന്ന് മാത്രം മനസ്സിലായി. പിന്നീടു അദ്ദേഹം തന്നെ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

ഞാന്‍ ഈ വഴിക്കൊന്നും അങ്ങനെ യാത്ര ചെയ്യുന്ന ആളല്ല, കേരളത്തില്‍ നിന്നാണ് എന്ന് ഭവ്യതയോടെ മറുപടി പറഞ്ഞു.
'അല്ല. നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവില്ല. ത്രേതായുഗത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. അന്ന് നിങ്ങള്‍ എന്നോടൊപ്പം ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ടാവണം. അല്ല ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് നിങ്ങളുടെ മുഖം ഇത്ര പരിചിതമായി തോന്നുന്നത്.' കാലം എങ്ങനെ ഒരേ മട്ടില്‍ ആവര്‍ത്തിക്കുന്നു എന്ന് വളരെ വിശദമായ ഒരു സ്റ്റഡീ ക്ലാസ് പുള്ളി എടുത്തു തന്നു. ത്രേതായുഗത്തില്‍ നമ്മുടെ യാത്രാ വാഹനം ടൂടയര്‍ ഉള്ള തീവണ്ടി തന്നെ ആയിരുന്നോ എന്ന് എനിക്ക് അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ജഡ്ജി ആയതു കൊണ്ട് ഉടക്കാന്‍ പോയില്ല.

കുറെയേറെ വിവരങ്ങള്‍ ഗോള ശാസ്ത്രത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും ഭൂമിയിലെ കാന്തമണ്ഡലങ്ങളെ കുറിച്ചും (അവയുടെ മുകളില്‍ നില്‍ക്കുന്ന പ്രതിഷ്ഠകള്‍ നക്ഷത്രാനുസാരിയായി മനുഷ്യന്റെ ഭാവി ദൂതങ്ങള്‍ നിയന്ത്രിക്കുന്നതുമൊക്കെ) ആ സ്റ്റഡീ ക്‌ളാസില്‍ ഉണ്ടായിരുന്നു. ഞാന്‍ മനസ്സിലാക്കിയേടത്തോളം അദ്ദേഹം വിശ്വാസിയായ ഒരു ഭക്തന്‍ ആയിരുന്നു. അതു കൊണ്ടാണ് മയിലിനെ കുറിച്ച് കോടതി വിധിയില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ടി.വി ടോക്ക് ഷോയില്‍ ആവര്‍ത്തിച്ചത്.

നിരവധി പ്രമാദമായ കേസുകളില്‍ അദ്ദേഹം പറഞ്ഞ വിധികളുടെ രാഷ്ട്രീയം ഞാന്‍ ചര്‍ച്ചക്കു വെക്കുന്നില്ല. പക്ഷെ ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം വിവരക്കേടുകളുടെ ഒരു ഭണ്ഡാരം ആയിരുന്നു. കുറെ നേരം ക്ഷമയോടെ കേട്ടതു കൊണ്ടാണോ ആവോ? എനിക്കും രെജിത്തിനും തന്റെ ഓര്‍ഡര്‍ലി വഴി അടുത്ത സ്‌റ്റേഷനില്‍ ഭക്ഷണം ഓഫര്‍ ചെയ്യാനും ജഡ്ജിയദ്ദേഹം തയാറായി.

ഇങ്ങനെയുള്ള ആളുകള്‍ എങ്ങനെയാണ് നിയമത്തിന്റെയും യുക്തിബോധത്തിന്റെയും മുടിനാരിഴ കീറി കേസുകള്‍ വിധി പറഞ്ഞത് എന്ന സംശയം ഇപ്പോള്‍ ഒരു പടി കൂടി വര്‍ധിച്ചു വരുന്നു... ത്രേതായുഗത്തില്‍ എന്നെ കണ്ട കാര്യം കൃത്യമായി ഓര്‍മയുണ്ടെങ്കിലും ബീഫ് തിന്നരുത് എന്ന് ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞതെന്ന സാക്കയുടെ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല.