LiveTV

Live

National

യുപിയില്‍ സംയുക്ത റാലിക്കൊരുങ്ങി അഖിലേഷും മായാവതിയും: ലക്ഷ്യം ബി.ജെ.പി വിരുദ്ധ മുന്നണി

യുപിയില്‍ സംയുക്ത റാലിക്കൊരുങ്ങി അഖിലേഷും മായാവതിയും: ലക്ഷ്യം ബി.ജെ.പി വിരുദ്ധ മുന്നണി
Summary
ആര്‍.ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവാണ് ഇരുവരോടും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരാഞ്ഞത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ബദ്ധവൈരികളായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ സംയുക്ത റാലിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആര്‍.ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവാണ് ഇരുവരോടും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരാഞ്ഞത്. കോണ്‍ഗ്രസിന്റെ പിന്തുണയും സംയുക്ത റാലിക്കുണ്ട്.

ബി.ജെ.പിക്കെതിരെ പൊരുതാന്‍ ഇത്തരത്തിലുള്ള കൂട്ടുകെട്ടിന്റെ സാധ്യതയെപ്പറ്റിയും ലാലു സൂചിപ്പിച്ചു. ഇതിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പറ്റ്‌നയില്‍ ലാലുപ്രസാദ് യാദവ് ബി.ജെ.പിക്കെതിരെ റാലി സംഘടിപ്പിക്കുന്നുണ്ട്. അതിന് ശേഷമാവും മായവാതി- അഖിലേഷ് സംയുക്ത റാലി. അതേസമയം വാര്‍ത്തയോട് ബി.എസ്.പി നേതാക്കളുടെ പ്രതികരണമൊന്നും വന്നിട്ടില്ല. ലാലുവിന്റെ ആശയത്തോട് മായാവതിക്ക് അനുകൂല നിലപാടെന്നാണ് അറിയുന്നത്. ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ ഞങ്ങളും ഉണ്ടാകുമെന്നാണ് മായാവതിയുമായി അടുപ്പമുളളവര്‍ പറയുന്നത്.

അതേസമയം നീക്കത്തെ എസ്.പി സ്വാഗതം ചെയ്തു. ബി.ജെ.പി വിരുദ്ധ മുന്നണിയിലെ എല്ലാവരും സംയുക്ത റാലിയെ സ്വാഗതം ചെയ്തതായി എസ്.പി എം.പി നരേഷ് അഗര്‍വാള്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പ് മുന്നില്‍കണ്ടാണ് സംയുക്ത റാലിയുമായി മുന്നോട്ട് പോകുന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ എസ്.പിയും ബി.എസ്.പിയും തകര്‍ന്നടിഞ്ഞിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സമാജ് വാദി പാര്‍ട്ടി മത്സരിച്ചിരുന്നത്.