LiveTV

Live

National

യു.പിയില്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് രോഗികളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി 

യു.പിയില്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് രോഗികളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി 
Summary
മതിയായ സൗകര്യങ്ങളോടെയാണ്  ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നു തെളിയിക്കാനായിരുന്നു അധികൃതരുടെ ഈ കൈവിട്ട കളി

ഉത്തര്‍പ്രദേശ് ആരോഗ്യവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി അശുതോഷ് ടാന്റന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആഗ്രയിലെ എസ്.എന്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വാര്‍ഡിലുള്ള രോഗികളെ അടക്കം അധികൃതര്‍ ഒഴിപ്പിച്ചു. വാര്‍ഡില്‍ തിരക്കില്ലെന്നും മതിയായ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും തെളിയിക്കാനായിരുന്നു അധികൃതരുടെ ഈ കൈവിട്ട കളി. ശനിയാഴ്ച രാവിലെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

സന്ദര്‍ശനം കഴിയുന്നത് വരെ രോഗികളെയും അവര്‍ക്ക് കൂട്ടിന് വന്നവരെയും പുറത്തിരുത്തി.കനത്ത ചൂട് സഹിച്ചാണ് ഇവര്‍ ആശുപത്രിക്ക്‌ പുറത്ത് നിന്നത്. ചിലരെ മറ്റിടങ്ങളിലേക്ക് മാറ്റി. മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആശുപത്രി അധികൃതര്‍ നേരത്തെ ക്ലീനിങ് അടക്കമുള്ളവ ചെയ്തിരുന്നു. എമര്‍ജന്‍സി വാര്‍ഡിലെ തിക്കും തിരക്കും കുറക്കാനാണ് രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയത്. എന്നാല്‍ ഗുരുതര ചികിത്സയില്‍ കഴിയുന്നവരെ മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് മറ്റിടങ്ങളിലേക്ക് മാറ്റിയത്.

രണ്ട് മൂന്ന് മണിക്കൂറിന്റെ കാര്യമാണിതെന്നും മന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞാല്‍ എല്ലാം പഴയത്‌പോലെയാക്കുമെന്നും രോഗികളോട് പറഞ്ഞതായാണ് എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍മാര്‍ പറയുന്നത്. പനി കാരണം ഡ്രിപ്പ് സ്വീകരിച്ചിരുന്ന പത്ത് മാസം പ്രായമായ കുട്ടിയും ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചിരുന്നവര്‍ വരെ പുറത്തുനിര്‍ത്തിയവരിലുണ്ട്. ' മോനെ എന്റെ മടിയില്‍ കിടത്തി എന്റെ അമ്മ ഐ.വി ഡ്രിപ്പും കൈയില്‍ പിടിച്ചു നിന്നു'. ആശുപത്രിയില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി യുവതി പറയുന്നു. ഗുരുതരാവസ്ഥയിലുണ്ടായിരുന്ന മറ്റൊരു രോഗിയെ ഓക്‌സിജന്‍ പോലും നല്‍കാതെ മണിക്കൂറുകളോളം ആംബുലന്‍സില്‍ തന്നെ കിടത്തി.