LiveTV

Live

National

ദലിതരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു

ദലിതരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു
Summary
അതേസമയം, കലാപത്തിലെ ഇരകളെ അതിര്‍ത്തിയില്‍ വെച്ച് രാഹുല്‍ കണ്ടു.

കലാപ ബാധിതരായ ദലിതരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സഹാരന്‍പൂരില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. ഹരിയാന-യുപി അതിര്‍ത്തിയില്‍ വെച്ചാണ് ഉത്തര്‍പ്രദേശ് പൊലീസ് രാഹുലിനെ തടഞ്ഞത്. അതേസമയം, കലാപത്തിലെ ഇരകളെ അതിര്‍ത്തിയില്‍ വെച്ച് രാഹുല്‍ കണ്ടു. സഹാരന്‍പൂര്‍ സന്ദര്‍ശിക്കുന്നതിന് രാഹുലിന് നേരത്തെ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇത് വകവെക്കാതെയാണ് രാഹുല്‍ എത്തിയത്.

ഠാക്കൂര്‍, രാജ്പുത് തുടങ്ങിയ മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായ ദലിതരെ സന്ദര്‍ശിക്കാന്‍ ഇന്ന് സഹാരന്‍പൂരിലെത്തുമെന്ന് ഇന്നലെയാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്തേക്ക് കടക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഇത് വകവെക്കാതെയാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക് പുറപ്പെട്ടത്. ഹരിയാനയിലെ കര്‍നാല്‍ വഴി യുപി-ഹരിയാന അതിര്‍ത്തി പ്രദേശമായ യമുന നഗറിലെത്തിയപ്പോഴാണ് പൊലീസ് തട‍ഞ്ഞത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, യുപി പിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ എന്നിവരും നിരവധി പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

കാര്‍ ഉപേക്ഷിച്ച് കാല്‍ നടയായി അല്‍പ ദൂരം സഞ്ചരിച്ചെങ്കിലും, സഹാരന്‍പൂര്‍ ജില്ലയിലേക്ക് കടക്കാന്‍ പൊലീസ് അനുവദിച്ചില്ല. തുടര്‍ന്നാണ് പ്രദേശത്തെ ഒരു ദാബയില്‍ രാഹുല്‍ ഇരകളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു നിയമത്തിനും തന്നെ തടയാനാകില്ലെന്ന് രാഹുല്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. കലാപത്തിലെ ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.