LiveTV

Live

National

ഗോവധം നിരോധിച്ച സംസ്ഥാനങ്ങളും; ലംഘിച്ചാലുള്ള ശിക്ഷയും

ഗോവധം നിരോധിച്ച സംസ്ഥാനങ്ങളും; ലംഘിച്ചാലുള്ള ശിക്ഷയും
Summary
രാജ്യത്ത് മുഴുവന്‍ കന്നുകാലി കശാപ്പിന് കടിഞ്ഞാണിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവരുമ്പോള്‍ ഇന്ത്യയില്‍ ഇതിനോടകം ഗോവധം നിരോധിച്ച സംസ്ഥാനങ്ങളുടെ പട്ടിക വളരെ വലുതാണ്.

രാജ്യത്ത് മുഴുവന്‍ കന്നുകാലി കശാപ്പിന് കടിഞ്ഞാണിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവരുമ്പോള്‍ ഇന്ത്യയില്‍ ഇതിനോടകം ഗോവധം നിരോധിച്ച സംസ്ഥാനങ്ങളുടെ പട്ടിക വളരെ വലുതാണ്. കശാപ്പിനായി കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കരുതെന്നാണ് പുതിയ ഉത്തരവ്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചെറുകിട അറവുശാലകളിലേക്ക് വരെ പോലും കന്നുകാലികളെ കശാപ്പിനായി എത്തിക്കുന്നത് ഇത്തരം കന്നുകാലി ചന്തകളില്‍ നിന്നു തന്നെയാണ്. അങ്ങനെയെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതും സാധാരണക്കാരെ തന്നെയായിരിക്കും. ആട് ഒഴികെയുള്ള കന്നുകാലികളെയാണ് കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇതിനോടകം ഗോവധം നിരോധിച്ചിരിക്കുന്നത് രാജ്യത്തെ 20 സംസ്ഥാനങ്ങളാണ്.

ഗോവധം നിരോധിച്ച സംസ്ഥാനങ്ങളും; ലംഘിച്ചാലുള്ള ശിക്ഷയും

രാജസ്ഥാന്‍

പശു, കാള, പോത്ത് തുടങ്ങിയവയെയെല്ലാം കശാപ്പ് ചെയ്യുന്നതും ഇറച്ചി കൈവശം വെക്കുന്നതും രാജസ്ഥാനില്‍ നിരോധിച്ചതാണ്. ലംഘിച്ചാല്‍ 10 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

ആന്ധ്രാപ്രദേശ്, തെലങ്കാന

ഈ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ആറു മാസം തടവും ആയിരം രൂപ പിഴയുമാണ്.

അസം

ഗോവധത്തിന് കടുത്ത നിയന്ത്രണമുള്ള സംസ്ഥാനമാണ് അസം.

ബിഹാര്‍

ഇവിടെ 15 വയസിന് മുകളില്‍ പ്രായമുള്ള പശു, കാള, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യാന്‍ അനുമതിയുണ്ട്. ഇതില്‍ താഴെ പ്രായമുള്ളവയെ കശാപ്പ് ചെയ്താല്‍ ആറ് മാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ.

ചണ്ഡീഗഡ്

ചണ്ഡീഗഡില്‍ പശു, കാള, പോത്ത് തുടങ്ങിയവയെ കൊല്ലുന്നതിനും ഇറച്ചി കൈവശം വെക്കുന്നതിനും കഴിക്കുന്നതിനും നിരോധമുള്ള സംസ്ഥാനമാണ്.

ഛത്തീസ്‍ഡ്

പശു, കാള, പോത്ത് തുടങ്ങിയെ കൊല്ലുന്നതിനും ഇറച്ചി കൈവശം വെക്കുന്നതിനും നിരോധിച്ചിട്ടുള്ള ഇവിടെ ഇവയെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ലംഘിച്ചാല്‍ ഏഴു വര്‍ഷം തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ഡല്‍ഹി

പശു, കാള തുടങ്ങിയവയുടെ ഇറച്ചി കൈവശം വെക്കുന്നത് (ഡല്‍ഹിക്ക് പുറത്തുള്ള നിന്നു കൊണ്ടുവരുന്നതാണെങ്കില്‍ പോലും) നിരോധിച്ചിട്ടുണ്ട്. അതേസമയം, പോത്തിറച്ചി കഴിക്കുന്നതിനും കൈവശം വെക്കുന്നതിനും അനുമതിയുണ്ട്.

ഗുജറാത്ത്

ഏറ്റവും കടുത്ത നിരോധമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പശു, കാള, കാളക്കുട്ടി എന്നിവയെ കൊല്ലുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ലംഘിച്ചാല്‍ അര ലക്ഷം രൂപ പിഴയും ഏഴു വര്‍ഷം തടവുമാണ് ലഭിക്കുക. ഇതേസമയം, പോത്തിറച്ചി ഇവിടെ അനുവദനീയമാണ്.

ഉത്തര്‍പ്രദേശ്

പശു, കാള തുടങ്ങിയവയെയൊന്നും കശാപ്പ് ചെയ്യാനോ ഇറച്ചി കൈവശം വെക്കാനോ അനുമതിയില്ല. ഏഴു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

ഹരിയാന (പത്തു വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും), ഹിമാചല്‍ പ്രദേശ് (അഞ്ച് വര്‍ഷം തടവ്), ജമ്മു കശ്‍മീര്‍ (കശാപ്പിന് പിടിക്കപ്പെട്ടാല്‍ പത്തു വര്‍ഷം തടവ്, ഇറച്ചി കൈവശം വെച്ചാല്‍ ഒരു വര്‍ഷം തടവ്), ജാര്‍ഖണ്ഡ്(കൊന്നാലും കഴിച്ചാലും കൈവശം വെച്ചാലും പത്തു വര്‍ഷം തടവും പതിനായിരം രൂപ പിഴയും), കര്‍ണാടക (ഗോവധത്തിന് ഏഴു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും), മധ്യപ്രദേശ്(ഏഴു വര്‍ഷം തടവ്), മഹാരാഷ്ട്ര (അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും), ഒഡീഷ (രണ്ടു വര്‍ഷം ജയില്‍ശിക്ഷയും ആയിരം രൂപ പിഴയും), പഞ്ചാബ്, തമിഴ്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഗോവധ നിരോധം കര്‍ശനമായി നടപ്പാക്കുന്നത്.

ഇതേസമയം കേരളം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളാണ് നിരോധമില്ലാത്തത്.