LiveTV

Live

National

മോദി സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍

മോദി സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍
Summary
ജൂണ്‍ 15 വരെ 900 നഗരങ്ങളില്‍ മോദി ഫെസ്റ്റ്

മോദി സര്‍ക്കാര്‍ ഇന്ന് മൂന്ന് വര്‍‌ഷം പൂര്‍ത്തിയാക്കുന്നു. ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പാക്കാനുള്ള ശ്രമം വിജയിച്ചതൊഴിച്ചാല്‍ ശ്രദ്ധേയമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെയാണ് വാര്‍ഷികാഘോഷം. നോട്ട് നിരോധം, പാര്‍ലമെന്റ് കീഴ്‍വഴക്കങ്ങള്‍ മറികടന്നുള്ള നിയമ പരിഷ്കാരങ്ങള്‍, ഇന്ത്യാ-പാക് ബന്ധം, ജമ്മുകശ്മീര്‍ പ്രശ്നം, ഗോരക്ഷകരുടെ ആക്രമണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ മൂന്നാണ്ടിനിടെ സര്‍ക്കാര്‍ വിമര്‍ശം ഏറ്റുവാങ്ങി.

മോദി സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം സാമ്പത്തികമായി ഏറെ മുന്നേറിയെന്ന് സര്‍‌ക്കാര്‍ പറയുന്നു. നോട്ടസാധുവാക്കലില്‍ ജനം വലഞ്ഞെങ്കിലും രാജ്യത്തെ കള്ളപ്പണ ഒഴുക്ക് പിടിച്ച് കെട്ടിയെന്നും അവകാശപ്പെടുന്നുണ്ട്.

ഇന്ത്യാ പാക് അകല്‍ച്ച വര്‍ധിച്ച മൂന്നാണ്ടാണ് പിന്നിട്ടത്. മിന്നലാക്രമണത്തിന് ശേഷം മാത്രം അതിര്‍ത്തിയില്‍ 200 റോളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു, ജമ്മുകാശിമീരിലെ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിച്ചു. പുറമെ, ദാദ്രി, അല്‍വാര്‍ കൊലകള്‍ ഗുജറാത്തിലെ ദളിത് പീഡനങ്ങള്‍, ജെഎന്‍യു സംഭവം തുടങ്ങി മൂന്ന് കൊല്ലത്തിനിടെ എണ്ണം പറഞ്ഞ ഫാസിസ്റ്റ്-സംഘപരിവാര്‍ ഇടപെടലുകള്‍ക്കും ഗോരക്ഷാ സംഘത്തിന്റെ അക്രമങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും രാജ്യം സാക്ഷിയായി.

വിപുലമായ പരിപാടികളോടെയാണ് കേന്ദ്രസര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. ഇന്ന് മുതല്‍ ജൂണ്‍ 15 വരെ മോദി ഫെസ്റ്റ് എന്ന പേരില്‍ 900 നഗരങ്ങളില്‍ ബി ജെ പി പ്രചാരണ പരിപാടികള്‍ നടത്തും. കേരളം , ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്.

മേക്കിംഗ് ഓഫ് ഡവലപ്പെഡ് ഇന്ത്യ ഫെസ്റ്റ് എന്നാണ് മോദീ ഫെസ്റ്റെന്ന പേരിന് നല്‍കിയിരിക്കുന്ന പൂര്‍ണ രൂപം. കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തങ്ങളും ക്ഷേമ പദ്ധതികളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. പ്രചരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഗുവാഹത്തിയില്‍ പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. പ്രചാരണത്തിന്‍റെ ഭാഗമായി ജൂണ്‍ പതിനഞ്ചിനുള്ളില്‍ റാലികള്‍ നടത്തും. പാര്‍ട്ടിക്ക് ശക്തി കുറഞ്ഞ സംസ്ഥാനങ്ങളായ കേരളം, ബംഗാള്‍,ഒഡീഷ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രധാന പ്രചരണം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി വിവിധ ദേശീയ നേതാക്കള്‍ ഈ സംസ്ഥാനങ്ങളിലെത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ്, കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍, ജെ പി നദ്ധ, പ്രകാശ് ജാവദേക്കര്‍ തുടങ്ങി യവരാണ് കേരളത്തിലെ പരിപാടികള്‍ പങ്കെടുക്കുക.