LiveTV

Live

National

ഈ കുപ്പിവളകള്‍ എന്തിനാണ് കരയുന്നത്?

ഈ കുപ്പിവളകള്‍ എന്തിനാണ് കരയുന്നത്?
Summary
പെണ്‍കൈകളില്‍ കിടന്ന് കുപ്പിവളകള്‍ കിലുങ്ങിച്ചിരിക്കുമ്പോള്‍ അതിന് പിന്നിലെ തേങ്ങുന്ന ജീവിതങ്ങളെ കുറിച്ച്

ഫിറോസാബാദ്... ലോകത്തിന്റെ സ്ഫടിക നഗരം. ആഗ്രയില്‍ നിന്ന് 36 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഫിറോസാബാദിലെത്താം. ഇവിടുത്തെ തെരുവുകള്‍ക്കു നിരത്തുകള്‍ക്കുമെല്ലാം ഗ്ലാസുകളുടെ തിളക്കം കാണാം. ഉന്തുവണ്ടികളിലും സൈക്കിളുകളിലുമെല്ലാം അടുക്കിവെച്ചതും തൂക്കിയിട്ടതുമായ കുപ്പിവളകളുമായി നീങ്ങുന്ന ഫിറോസാബാദുകാര്‍, പല വര്‍ണത്തിലും അലങ്കാരത്തിലുമുള്ള കുപ്പിവളകള്‍. മുഗളന്മരുടെ കാലം മുതലേ ഫിറോസാബാദിലെ കുപ്പിവള നിര്‍മാണവ്യവസായം പ്രസിദ്ധമാണ്. കുപ്പിവളകള്‍ക്കൊപ്പം ഗ്ലാസ് കുപ്പികളടക്കമുള്ളവയും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഫിറോസാബാദിലെ ഓരോ കുടുംബവും വളനിര്‍മാണത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ പങ്കാളിയാവുന്നുണ്ട്. നൂറുകണക്കിന് കുപ്പിവള നിര്‍മാണ് ഫാക്ടറികളുണ്ട് ഫിറോസാബാദില്‍. കുപ്പിവള നിര്‍മാണവുമായി ബന്ധപ്പെട്ട് ജീവിതത്തിന് നിറം പകരാന്‍ ശ്രമിക്കുന്ന ലക്ഷങ്ങളുണ്ട് ഫിറോസാബാദില്‍.

ഈ കുപ്പിവളകള്‍ എന്തിനാണ് കരയുന്നത്?

മണിക്കൂറുകള്‍ നീണ്ടുനില്ക്കുന്ന പ്രക്രിയയാണ് കുപ്പിവള നിര്‍മാണം. ആദ്യം അസംസ്കൃത വസ്തുവായ സിലിക്ക മണല്‍ രാസത്വരികമായ സോഡാആഷും സോഡിയം സള്‍ഫൈഡുമായി ചേര്‍ത്ത് ഫര്‍ണസിലെ പ്രത്യേക ടാങ്കുകളിലേക്ക് ഷവലുകള്‍ ഉപയോഗിച്ച് നിറക്കും. 1200 ഡിഗ്രി മുതല്‍ 1300 ഡിഗ്രിവരെ ചൂടിലാണ് ചൂള പ്രവര്‍ത്തിക്കുന്നത്. മുന്‍ കാലങ്ങളില്‍ കല്‍ക്കരിയായിരുന്നു ചൂളയില്‍ ഇന്ധനമായി ഫാക്ടറികളില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോളത് പ്രകൃതിവാതകത്തിലേക്ക് മാറിയിരിക്കുന്നു. ഗ്ലാസ് ഫാക്ടറിയിലെ കല്ക്കരി ഉപയോഗം താജ്മഹലിന് ദോഷകരമായി മാറിയതോടെയാണ് പ്രകൃതിവാതകത്തിലേക്ക് ഫാക്ടറികളെ മാറ്റിയത്.

ചൂളയ്ക്കത്ത് നിറച്ച അസംസ്കൃത വസ്തുക്കള്‍ 8 മണിക്കൂറുകൊണ്ട് ഉരുകി ലാവരൂപത്തിലാകും. ഉരുകി ലാവരൂപത്തില്‍ ഉരുകി നില്ക്കുന്ന ഗ്ലാസ് തൊഴിലാളികള്‍ ഇരുമ്പുദണ്ഡില്‍ കൊരുത്ത് പുറത്തെടുക്കുന്നു. പ്രത്യേക രീതിയിലാണ് ദണ്ഡില്‍ കൊരുത്തെടുക്കുന്ന മിശ്രിതം തണുപ്പിക്കാനായി കൊണ്ടുപോകുന്നത്. പിന്നീട് ചെറുതായി തണുപ്പിച്ച് തല്ലി രൂപം മറ്റുന്നു. അതിനുശേഷം വീണ്ടും വര്‍ണം പകരാനുള്ള മെറ്റലുകള്‍ ഉരുക്കിയ അടുത്ത ഫര്‍ണസിലേക്ക്. വര്‍ണം പകര്‍ത്തിക്കഴിഞ്ഞാല്‍ ദണ്ഡില്‍ തന്നെ കോര്‍ത്ത് വൃത്താകൃതിപകരാനായി കറങ്ങുന്ന അച്ചിലേക്ക്

ചുട്ടുപൊള്ളുന്ന ചൂളയ്ക്കരികില്‍ ഇരുന്ന് ഇവര്‍ ഒഴുക്കുന്ന വിയര്‍പ്പാണ് നമ്മുടെ കൈകളെ അലങ്കരിക്കുന്നത്. സുരക്ഷാകവചകളോ സംവിധാനങ്ങളോ ഒന്നുമില്ലാതെയാണ് ഇവര്‍ ഇവിടെ ജോലിചെയ്യുന്നത്. ചൂളയില്‍ നിന്ന് ചുട്ടുപഴുത്ത മിശ്രിതവുമായി നടക്കുമ്പോള്‍ ഒരു ചെറിയ പിഴവുണ്ടായാല്‍ ജീവന്‍ തന്നെ അപകടത്തിലാകും. തലയില്‍ ചരടില്‍ കെട്ടിവെച്ച മൊബൈല്‍ ഫോണിലെ ഹെഡ് സെറ്റ് ചെവിയില്‍ തിരുകിയാണ് പലരും പണിയെടുക്കുന്നത്. ചൂടും കഷ്ടപ്പാടും മറക്കാന്‍ മൊബൈല്‍ ഫോണിലെ സംഗീതം ഇവര്‍ക്ക് അഭയമാകുന്നു. ഫാക്ടറി തൊഴിലാളികള്‍ ഇ എസ് ഐയുടെ പരിധിയില്‍ വരുമെങ്കിലും ഇ എസ് ഐ ആശുപത്രി അടുത്തെങ്ങുമില്ല, അകലെ ആഗ്രയിലാണ് സമീപത്തെ ഇ എസ് ഐ ആശുപത്രി. നേരത്തെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കമ്പനി നോക്കുമായിരുന്നു. പക്ഷെ ഇ എസ് ഐ വന്നശേഷം അതില്ലാതെയായി.

പ്രതിമാസം 6000 രൂപ മുതല്‍ 10000 രൂപവരെയാണ് ഇവരുടെ കൂലി. അതും ദിവസവേതനമായാണ് നല്‍കുക. പല തരത്തിലുള്ള ജോലിചെയ്യുന്നവര്‍ക്ക് പലനിരക്കിലാണ് കൂലി. ചൂളയില്‍ നിന്ന് ഉരുക്കിയ ഗ്ലാസ് പുറത്തെടുത്തുകൊടുക്കുന്നവര്‍ക്ക് പ്രതിദിനം 310 രൂപവരെ ലഭിക്കും. വളകള്‍ മുറിക്കുന്നവര്‍ക്ക് ലഭിക്കുക 230 രൂപയും. ബോണസോ മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്ക് ഇല്ല. ഇവിടെ നിന്ന് ലഭിക്കുന്ന കൂലികൊണ്ട് ചെലവേറിയ ഇന്നത്തെക്കാലത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയെന്നത് വലിയ വെല്ലുവിളിയാണ്.

ഫാക്ടറിയില്‍ നിര്‍മിക്കുന്ന വളകള്‍ വട്ടം വിളക്കിചേര്‍ക്കുന്നതും അലങ്കാരപണികള്‍ചെയ്യുന്നതും ഫാക്ടറിക്ക് പുറത്താണ്. ഇവയാകട്ടെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ തൊഴിലാളികളാണ് നിര്‍വഹിക്കുന്നത്. എല്ലാ ഫാക്ടറി ഉടമകളും ഇത്തരം ജോലികള്‍ പുറം കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് പണിയെടുക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയ വിഭാഗത്തിലേക്കാണ് ഇടനിലക്കാരായ ബ്രോക്കറുമാര്‍ വഴി ഈ പുറം കരാര്‍ എത്തുന്നത്. അതോടെ ഫിറോസാബാദിലെ ഇടുങ്ങിയ വീടുകളെല്ലാം ചെറിയ ചെറിയ നിര്‍മാണ യൂണിറ്റുകളായി മാറുന്നു. മൂന്ന് ലക്ഷത്തോളം പേരാണ് യാതൊരുവിധ പരിരക്ഷയുമില്ലാത അസംഘടിതമേഖലയില്‍ ഇങ്ങനെ പണിയെടുക്കുന്നത്. അവരാണ് വളകള്‍ അതിന്‍റെ പൂര്‍ണതയിലെത്തിക്കുന്നത്. വളകള്‍ കൂട്ടിചേര്‍ക്കുന്നതും വര്‍ണമില്ലാത്ത വളകള്‍ക്ക് വര്‍ണം പകരുന്നതും കല്ലും മുത്തുമെല്ലാം ഉപയോഗിച്ച് അലങ്കരിക്കുന്നതുമെല്ലാം ഇവിടെ ഈ ചെറിയ വീടുകളിലെ യൂണിറ്റുകളിലാണ്. ചുരുങ്ങിയത് 70 മുതല്‍ 80 പേരുടെ കൈകളിലൂടെ കടന്നുപോയാണ് ഒരു വള അതിന്റെ പൂര്‍ണതയിലെത്തുന്നത്.

പക്ഷേ ഫിറോസാബാദിലെ വീടുകളിലെ ചെറിയ വള നിര്‍മാണകേന്ദ്രങ്ങള്‍ ഇപ്പോള്‍ നിശ്ചലമാണ്. തുച്ചമായ വേതനത്തില്‍ ഇനിയും പണിയെടുക്കാനാവില്ലെന്ന പ്രഖ്യാപിച്ച് അസംഘടിതരായ സ്ത്രീകളും കുട്ടികളുമടങ്ങിയവര്‍ സമരം ആരംഭിച്ചിരിക്കുന്നു. ചൂഷണത്തിന് വിധേയരായി ഇനിയും പണിയെടുക്കാനാവില്ലെന്നാണ് ഇവരുടെ ഉറച്ച തീരുമാനം. നിലവില്‍ വളകളുടെ വിടവുകള്‍ കൂട്ടിയോജിപ്പിക്കുന്നവര്‍ക്ക് 310 വളകളടങ്ങിയ ഒരു കെട്ടിന് ലഭിക്കുന്നത് 16 രൂപ. മുത്തുകളും മറ്റും വെച്ചുപിടിപ്പിക്കുന്നവര്‍ക്ക് വളയൊന്നിന് ലഭിക്കുന്നത് വെറും 3 രൂപ. ഇവരുടെ പ്രതിദിന വരുമാനം വെറും 60 മുതല്‍ 125 രൂപവരെ.

അതേസമയം ഇടനിലക്കാരായ ബ്രോക്കര്‍മാരാകട്ടെ വലിയ നേട്ടം ഉണ്ടാക്കുകയും ചെയ്യും. കാലങ്ങളായി ഇവര്‍ ഇങ്ങനെ ചൂഷണത്തിന് വിധേയരായി കൊണ്ടേയിരിക്കുന്നു. കിട്ടുന്ന തുച്ചമായ തുകയില്‍ നിന്ന് ഇവര്‍തന്നെ വേണം നിര്‍മാണത്തിനുവേണ്ട അസംസ്കൃത പദാര്‍ത്ഥങ്ങളായ മണ്ണെണ്ണയും മറ്റും വാങ്ങാന്‍. വിളക്കി ചേര്‍ക്കാന്‍ ആവശ്യമായ മണ്ണെണ്ണ ലിറ്ററിന് 60 രൂപവരെ നല്കിയാണ് പലരും കരിഞ്ചന്തയില്‍ നിന്ന് വാങ്ങുന്നത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവരാകട്ടെ ചെറിയ സിലിണ്ടറൊന്നിന് 500 രൂപവരെ മുടക്കണം.

ഫാക്ടറിയിലായാലും അല്ലെങ്കിലും ഒരു തൊഴിലാളിയുടെ വേതനം നിശ്ചയിക്കുന്നത് നിര്‍മിക്കുന്ന വളകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ പണിയെടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിലല്ല. 8 മണിക്കൂര്‍ ഒരു തൊഴിലാളി പണിയെടുത്താലും അവന് കൂലി ലഭിക്കുക അവനെത്ര വളകള്‍ അന്ന് നിര്‍മിച്ചുവെന്നതോ അല്ലെങ്കില്‍ എത്ര വളകള്‍ക്ക് കല്ല് പതിപ്പിച്ചെന്നതോ അടിസ്ഥാനപ്പെടുത്തിയാകും. ഒരു വളയില്‍ ചെറിയ കല്ലുകള്‍ പതിപ്പിച്ച് അലങ്കാരിക്കാന്‍ ചുരുങ്ങിയത് 20 മുതല്‍ 30 മിനുട്ട് വരെ വേണം. ആ ഒരു വളയ്ക്ക് ആ തൊഴിലാളിക്ക് ലഭിക്കുക വെറും മൂന്നുരൂപയും. ഇതിനിടയില്‍ വേണം കുട്ടികളെ നോക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനും. പണിയെടുത്താല്‍ തന്നെ മുഴുവന്‍ കൂലിയും പലപ്പോഴും ഇവര്‍ക്ക് കിട്ടാറുമില്ല. ഇവര്‍ക്കാര്‍ക്കുംതന്നെ ഇ എസ് ഐയുടെ ആനുകൂല്യവും ഇല്ല.

ഫാക്ടറിയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് വീടുകള്‍ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ബ്രോക്കറുമാരാണ് ഇവരെ ചൂഷണം ചെയ്യുന്നതെന്നാണ് ഫാക്ടറി ഉടമകള്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് വേണ്ട മണ്ണെണ്ണയും മറ്റും വാങ്ങി നല്‍കുകയെന്നത് തങ്ങള്‍ക്ക് സാധ്യമല്ലെന്നാണ് ഫാക്ടറി ഉടമകള്‍ പറയുന്നത്.

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മുഖ്യമായും വളകള്‍ വരുന്നത് ഫിറോസാബാദിലെ കേന്ദ്രങ്ങളില്‍ നിന്നാണ്. തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനം ലഭിക്കുമ്പോള്‍ വിപണിയിലെത്തുന്ന വളകള്‍ക്ക് വില ഇരട്ടിയാകുന്നു. അതാകട്ടെ ഇടനിലക്കാര്‍ വഴി മറ്റ് സംസ്ഥാനങ്ങളിലെ വിപണികളിലെത്തുമ്പോള്‍ വില പത്തും ഇരുപതും മടങ്ങായും വര്‍ധിക്കും.

വളനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്ക്ക് പലപ്പോഴും പലതരത്തിലുള്ള അസുഖങ്ങളും പിടിപെടാറുണ്ട്. ഉയര്‍ന്ന ചൂടില്‍ ചൂളയ്ക്കരികില്‍ നിന്ന് ജോലിചെയ്യുന്ന തൊഴിലാളികളിലും വീട്ടില്‍ ഇരുന്ന് തൊഴിലെടുക്കുന്നവരിലുമെല്ലാം ക്ഷയവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അലര്‍ജിയുമെല്ലാം സര്‍വസാധാരണം. പക്ഷേ ചികിത്സ തേടാനുള്ള മതിയായ സൌകര്യം ഇല്ല എന്നതാണ് വസ്തുത. അതിനെല്ലാം പുറമെ ലഭിക്കുന്ന തുച്ഛമായ കൂലികൊണ്ട് കുട്ടികളുടെ പഠിപ്പും വീടും നോക്കാനേ തികയാത്തപ്പോള്‍ എങ്ങനെ ആശുപത്രി ചെലവ് കൂടി നോക്കും.

കുട്ടികളുടെ പഠനത്തിന് കാശ് ഇല്ലെന്നതിനാല്‍ തന്നെ ചെറുപ്പത്തിലെ കുട്ടികള്‍ പഠനമുപേക്ഷിച്ച് ഗ്ലാസ് ഫാക്ടറികളിലും വില്‍പ്പനയ്ക്കും പോകുന്നത് ഫിറോസാബാദില്‍ സാധാരണമാണ്. ഫിറോസാബാദിലെ മാര്‍ക്കറ്റുകളില്‍ പലപ്പോഴും ഉന്തുവണ്ടികളില്‍ വള വില്‍പ്പനയ്ക്കെത്താറ് കുട്ടിത്തം വിട്ടുമാറാത്തവരാണ്.

ഇവരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാരുകള്‍ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ടുകള്‍ വാങ്ങിയെങ്കിലും കാര്യമായ പുരോഗതികള്‍ ഒന്നുമുണ്ടായില്ല എന്നതാണ് വസ്തുത. അടിസ്ഥാനശമ്പളം ഉയര്‍ത്തണമെന്നതടക്കമുള്ള സമിതികളുടെ ശുപാര്‍ശകള്‍ ശുപാര്‍‍‍ശകളായി തന്നെ അവശേഷിച്ചു. സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് സബ്സിഡിയോ മറ്റോനല്‍കാത്തതിനാല്‍ തന്നെ തങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്നാണ് ഫാക്ടറി ഉടമകള്‍ പറയുന്നത്. അതിനാല്‍ തന്നെ തൊഴിലാളികള്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയെന്നത് അപ്രായോഗ്യമാണെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.

ലഞ്ച് ബ്രേക്കില്ലാതെ, വിശ്രമമുറിയില്ലാതെ, ആരോഗ്യം കണക്കിലെടുക്കാതെ, കാലഹരണപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പണിയെടുത്താണ് ഇവര്‍ നമ്മുടെ കൈകളെ ചിരിപ്പിക്കുന്നത്. നമ്മുടെ കൈകളില്‍ കിടന്ന് കല്ല്യാണത്തിനും മറ്റ് വിശേഷാവസരങ്ങളിലും ഈ വളകള്‍ കിലുങ്ങി ചിരിക്കുമ്പോള്‍ അതില്‍ ഇവരുടെ അടക്കിപിടിച്ച തേങ്ങലുകളുമുണ്ട്.