LiveTV

Live

National

കുല്‍ഭൂഷണ്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പാകിസ്ഥാന്‍

കുല്‍ഭൂഷണ്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പാകിസ്ഥാന്‍
Summary
നീതിന്യായകോടതിയെ സമീപിച്ചു; ആറാഴ്ച്ചയ്ക്കകം വാദം കേള്‍ക്കണമെന്ന് ആവശ്യം

കുല്‍ഭുഷന്‍ ജാദവ് കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പാക്കിസ്ഥാന്‍. ഇക്കാര്യമാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ അന്താരഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. പാക്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്തിമവിധി വരുന്നതുവരെ കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കരുതെന്ന് വ്യാഴാഴ്ച്ചയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനോട് ഉത്തരവിട്ടത്. കേസില്‍ ഇടപെടാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരപരിധിയില്ലെന്ന പാക്കിസ്ഥാന്‍റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. പ്രതികൂലമായ വിധി വന്നതോടെ പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ കോണില്‍ നിന്ന് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര കോടതിയെ വീണ്ടും സമീപിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്.

ആറാഴ്ച്ചയ്ക്കകം കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ അപേക്ഷ നല്‍കിയതായി പാക്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം പാക്കിസ്ഥാനുവേണ്ടി ഹാജരായ കവാര്‍ ഖുറേഷി തന്നെയാകും വീണ്ടും ഹാജരാകുക. അന്താരാഷ്ട്ര കോടതിക്ക് കേസില്‍ ഇടപെടാനാവില്ലെന്ന വാദത്തില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കുന്നതായും ഇക്കാര്യം തന്നെ വീണ്ടും ഉന്നയിക്കാനുമാണ് പാക്ക് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.