LiveTV

Live

National

മകനെ വിട്ടുകിട്ടാന്‍ 2000 രൂപയ്ക്കായി ആ അമ്മ താണ്ടിയത് 2000 കിലോമീറ്റര്‍

മകനെ വിട്ടുകിട്ടാന്‍ 2000 രൂപയ്ക്കായി ആ അമ്മ താണ്ടിയത് 2000 കിലോമീറ്റര്‍
Summary
2000 രൂപയുടെ പേരില്‍ പണമിടപാടുകാരന്‍ പണയവസ്തുവായി തടഞ്ഞുവെച്ച മകനെ മോചിപ്പിക്കാന്‍ ആ അമ്മ സഞ്ചരിച്ചത് 2000 കിലോമീറ്റര്‍

2000 രൂപയുടെ പേരില്‍ പണമിടപാടുകാരന്‍ പണയവസ്തുവായി തടഞ്ഞുവെച്ച മകനെ മോചിപ്പിക്കാന്‍ ആ അമ്മ സഞ്ചരിച്ചത് 2000 കിലോമീറ്റര്‍. നാഗാലാന്‍റിലെ ദിമാപൂരില്‍ നിന്ന് ആഗ്രയിലേക്ക് രണ്ട് കുരുന്നുകളുമൊത്താണ് മകനെ മോചിപ്പിക്കാനുള്ള പണം സമ്പാദിക്കാന്‍ ജോലി തേടി 26 വയസ്സുകാരി എത്തിയത്. ഭാഷ അറിയാതെ അപരിചിതമായ നഗരത്തില്‍ മക്കളുടെ വിശപ്പടക്കാന്‍ പോലും കഴിയാതെ ഒറ്റപ്പെട്ടുപോയ പാവം സ്ത്രീക്ക് സഹായഹസ്തവുമായി ഒടുവില്‍ സാമൂഹ്യപ്രവര്‍ത്തകരെത്തി.

മകനെ വിട്ടുകിട്ടാന്‍ 2000 രൂപയ്ക്കായി ആ അമ്മ താണ്ടിയത് 2000 കിലോമീറ്റര്‍

ഭര്‍ത്താവിന്‍റെ അന്ത്യകര്‍മങ്ങള്‍ക്ക് പണം തികയാതെ വന്നതോടെയാണ് ദിമാപൂര്‍ സ്വദേശിനിയായ റിത പണമിടപാടുകാരനില്‍ നിന്ന് 2000 രൂപ കടം വാങ്ങിയത്. ഏഴ് മാസം മുന്‍പായിരുന്നു അത്. ഏഴ് വയസ്സുകാരന്‍ മകനെ പണയവസ്തുവായി ആവശ്യപ്പെട്ടാണ് ആ പണമിടപാടുകാരന്‍ 2000 രൂപ നല്‍കിയത്. പണവുമായി വന്നാല്‍ മാത്രമേ അവനെ കാണാന്‍ അനുവദിക്കൂ എന്നും അയാള്‍ പറഞ്ഞു. തേയിലതോട്ടത്തില്‍ തൊഴിലാളിയായിരുന്ന റിതയ്ക്ക് പ്രതിദിനം കിട്ടിയിരുന്ന 40 രൂപ മറ്റ് രണ്ട് മക്കളുടെ വിശപ്പടക്കാന്‍ പോലും തികയുമായിരുന്നില്ല. അങ്ങനെയാണ് ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ജോലി തേടി ആഗ്രയിലെത്തിയത്. പക്ഷേ അഞ്ച് ദിവസം നഗരത്തില്‍ അലഞ്ഞിട്ടും ജോലിയൊന്നും കിട്ടിയില്ല. സഹോദരനാവട്ടെ യുവതിയെയും മൂന്ന് കുഞ്ഞുങ്ങളെയും തനിച്ചാക്കി സ്ഥലംവിടുകയും ചെയ്തു.

ആഹാരമില്ലാതെ, കിടക്കാന്‍ സുരക്ഷിതമായ സ്ഥലമില്ലാതെ, ഭാഷ പോലും അറിയാതെ റിതയും കുഞ്ഞുങ്ങളും നഗരത്തില്‍ ഒറ്റപ്പെട്ടു. പൊതുപൈപ്പില്‍ നിന്ന് വെള്ളം കുടിച്ചും ആളുകള്‍ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചും ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടെയാണ് നരേഷ് പരസ് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ റിതയെയും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ചത്. നരേഷ് ചോദിച്ചതൊന്നും മാതൃഭാഷ മാത്രമറിയുന്ന റിതയ്ക്ക് മനസ്സിലായില്ല. ഒടുവില്‍ നരേഷ് തന്നെ പൊലീസുമായും ആശ ജ്യോതി കേന്ദ്ര എന്ന സന്നദ്ധ സംഘടനയുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് നാഗാലാന്‍റ് പൊലീസിനെ വിവരമറിയിച്ചു. സഹായിക്കുമെന്ന് പൊലീസ് നല്‍കിയ ഉറപ്പിന്മേല്‍ റിതയും കുഞ്ഞുങ്ങളും നാട്ടിലേക്ക് വണ്ടികയറി. പോവുമ്പോള്‍ ഷാ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണവും വസ്ത്രങ്ങളും ചെരുപ്പുകളും പിന്നെ 3500 രൂപയും നല്‍കി. പണമിടപാടുകാരനില്‍ നിന്നും മകനെ മോചിപ്പിക്കാനുള്ള പണം കിട്ടിയതിന്‍റെ സന്തോഷക്കണ്ണീരുമായാണ് റിത മടങ്ങിയത്.