LiveTV

Live

National

ഗാന്ധിജി പഠിച്ച 164 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടി

ഗാന്ധിജി പഠിച്ച 164 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടി
Summary
1887 ല്‍ 18 വയസ്സുള്ളപ്പോഴായിരുന്നു ഗാന്ധിജി ഈ സ്‌കൂളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്
ഗാന്ധിജി പഠിച്ച 164 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പഠിച്ച ആ സ്‌കൂള്‍ ഇനിയില്ല. ഗുജറാത്തിലെ, ഗാന്ധിജി പഠിച്ച 164 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ അടച്ചുപൂട്ടി, മ്യൂസിയമാക്കി. പഠനനിലവാരത്തില്‍ താഴോട്ട് പോയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഗാന്ധിജി പഠിച്ച സ്‌കൂളെന്ന നിലയിലാണ് രാജ്കോട്ടിലെ ആല്‍ഫ്രഡ് ഹൈസ്‌കൂള്‍ ചരിത്രത്താളുകളില്‍ ഇടംപിടിച്ചത്. ഗുജറാത്തി മീഡിയത്തിലുള്ള ഈ സ്കൂള്‍ മോഹന്‍ദാസ് ഗാന്ധി സ്‌കൂളെന്ന പേരിലും അറിയപ്പെട്ടിരുന്നു. സ്കൂള്‍ മ്യൂസിയമാക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

1887 ല്‍ 18 വയസ്സുള്ളപ്പോഴായിരുന്നു ഗാന്ധിജി ഈ സ്‌കൂളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. നിലവില്‍ ഈ സ്‌കൂളില്‍ 125 കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം ടിസി നല്‍കിയെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.

സ്‌കൂള്‍ മ്യൂസിയമാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പറേഷനാണ്. ഇതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു.

1853ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. അക്കാലത്ത് സൗരാഷ്ട്ര മേഖലയിലെ ഏക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൂടിയായിരുന്നു ഇത്. 1947ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് സ്‌കൂളിന്റെ പേര് മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ എന്നാക്കിയത്.

ഗാന്ധിജി പഠിച്ചിറങ്ങിയ സ്‌കൂളാണെങ്കിലും സമീപകാലത്തെ ഇവിടുത്തെ വിജയശതമാനം ദയനീയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ 10ാം ക്ലാസ് പരീക്ഷയെഴുതിയ ഒരാള്‍ പോലും ജയിച്ചിരുന്നില്ല.