LiveTV

Live

National

ഉപതെരഞ്ഞടുപ്പ് ഫലം: കെട്ടിവെച്ച കാശും പോയി; ഞെട്ടല്‍ മാറാതെ എ.എ.പി 

ഉപതെരഞ്ഞടുപ്പ് ഫലം: കെട്ടിവെച്ച കാശും പോയി; ഞെട്ടല്‍ മാറാതെ എ.എ.പി 
Summary
തോറ്റതിനും പുറമെ മൂന്നാം സ്ഥാനക്കാരായാണ് ആപ് ഫിനിഷ് ചെയ്തത്. പോരാത്തതിന് കെട്ടിവെച്ച കാശും നഷ്ടമായി

ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ഡല്‍ഹി രജൗരി മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയം. തോറ്റതിനും പുറമെ മൂന്നാം സ്ഥാനക്കാരായാണ് ആപ് ഫിനിഷ് ചെയ്തത്. പോരാത്തതിന് കെട്ടിവെച്ച കാശും നഷ്ടമായി. ജയത്തോടെ 70 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് നാല് പേരായി. ആപിന് ഒന്ന് കുറഞ്ഞ് 66 ആയി. ബി.ജെ.പി സ്ഥാനാര്‍ത്ഥി മന്‍ജീന്ദര്‍ സിങ് സിര്‍സ 40,602 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിലെ എ.മീനാക്ഷി ചന്ദേല 25,950 വോട്ടുകള്‍ സ്വന്തമാക്കി.

എ.എപിയുടെ ഹര്‍ജീത് സിങ്ങിന് 10,243 വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. ഏപ്രില്‍ 23ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഫലം എ.എ.പിക്ക് ചങ്കിടിപ്പേറ്റുന്നതാണ്. അതേസമയം 33 ശതമാനത്തിലേറെ വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശ്വാസവുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ ഉപതെരഞ്ഞടുപ്പ് ഫലം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞടുപ്പിനെ ബാധിക്കില്ലെന്നാണ് എ.എ.പി നേതാക്കള്‍ വ്യക്തമാക്കുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് രജൗരി മണ്ഡലത്തിലെ എം.എല്‍.എ സ്ഥാനം ജര്‍ണയില്‍ സിങ് രാജിവെക്കുന്നത്. തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞടുപ്പ് നടന്നത്. എന്നാല്‍ ജര്‍ണയില്‍ സിങ്ങിന് പഞ്ചാബിലും ജയിക്കാനായില്ല.