LiveTV

Live

National

അനധികൃതസ്വത്ത് സമ്പാദന കേസിന്റെ നാള്‍വഴികള്‍

അനധികൃതസ്വത്ത് സമ്പാദന കേസിന്റെ നാള്‍വഴികള്‍
Summary
എഐഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിംകോടതി വിധി വന്നു

അനധികൃത സ്വത്ത്‌ സമ്പാദന കേസ് , എന്താണ് കേസ്

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 1996 വരെ കാലയളവില്‍ 66.65 കോടിയുടെ സ്വത്ത് അനധികൃതമായി (വരവില്‍ കവിഞ്ഞ്) സമ്പാദിച്ചുവെന്നാണ് കേസ്. ജയലളിതക്കൊപ്പം വി കെ ശശികല, ശശികലയുടെ ബന്ധുക്കളായ വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരാണ് പ്രതികൾ. മുഖ്യപ്രതിയായ ജയലളിതയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നതാണ് ശശികല അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം. 1996 ല്‍ ജയലളിതയ്ക്ക് ഭരണം നഷ്ടപ്പെട്ടതിന് തൊട്ട് പിന്നാലെ ജൂണ്‍ 14ന് അന്നത്തെ ജനതാ പാര്‍ട്ടി പ്രസിഡന്റ്‌ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിപ്രകാരം കരുണാനിധി സര്‍ക്കാരാണു ജയലളിതയ്‌ക്കെതിരെ കേസെടുത്തത്‌. ഭൂമി, ഫാംഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍ എന്നിവയൊക്കെയാണ്‌ അനധികൃത സമ്പാദ്യമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്‌. 32 സ്വകാര്യ കമ്പനികളുടെ ബിനാമിയായി ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ പ്രവര്‍ത്തിച്ചുവെന്നും ജയലളിതയുടെ ദത്തുപുത്രനായി അറിയപ്പെടുന്ന സുധാകരന്‍റെ കല്യാണത്തിന് കോടികള്‍ ചെലവഴിച്ചെന്നും കേസില്‍ പറയുന്നു. പല തവണ കോടതികളില്‍ ഹാജരായ പ്രതികള്‍ കേസ് രാഷ്‌ട്രീയ പകപോക്കല്‍ ലക്ഷ്യമിട്ടു കെട്ടിച്ചമച്ചതെന്നും വാദിച്ചു.

അനധികൃതസ്വത്ത് സമ്പാദന കേസിന്റെ നാള്‍വഴികള്‍


വിചാരണ കോടതി വിധിച്ചത്

1997 ഒക്ടോബര്‍ 21 ന് ചെന്നൈയിലെ പ്രത്യേക കോടതി അഴിമതി നിരോധന നിയമത്തിന്‍റെയും ഐപിസി വകുപ്പുകളുടെയും അടിസ്ഥാനത്തില്‍ ജയലളിത, വി കെ ശശികല, വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തി. കേസിന്‍റെ വിചാരണയും തുടങ്ങി. 2001 ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.

ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ലെന്നതിനാല്‍ കേസിന്‍റെ വിചാരണ തമിഴ്നാടിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ നേതാവ് കെ അന്‍പഴകന്‍ 2003 ഫെബ്രുവരി 28 ന് സുപ്രീം കോടതിയെ സമീപ്പിച്ചു. ആവശ്യം പരിഗണിച്ച സുപ്രീം കോടതി 2003 നവംബര്‍ 18 ന് കേസിന്‍റെ വിചാരണ ബംഗളൂരു പ്രത്യേക കോടതിയിലേക്ക് മാറ്റി.

2010 ജനുവരി 22 ന് തുടങ്ങിയ വിചാരണ 2014 ആഗസ്റ്റ് 28 നാണ് പൂര്‍ത്തിയായത്. സെപ്തംബര്‍ 27 ന് ബംഗളൂരു പരപ്പന അഗ്രഹാര ജയില്‍ കോംപ്ലക്സില്‍ ഒരുക്കിയ പ്രത്യേക കോടതിയില്‍ ജഡ്ജി ജോണ്‍ മൈക്കിള്‍ കുന്‍ഹ വിധി പ്രഖ്യാപിച്ചു. ഐപിസി 109, 120 (ബി), 1988 ലെ അഴിമതി നിരോധ നിയമത്തിലെ 13(1)ഇ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി. ജയലളിതയ്ക്ക് നാല് വര്‍ഷംതടവും 100 കോടി പിഴയും ശിക്ഷയായി വിധിച്ചു. ശശികല സുധാകരൻ, ഇളവരശി എന്നിവര്‍ക്ക് നാല് വര്‍ഷംതടവും 10 കോടി രൂപ പിഴയും. ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം എം എല്‍ എ സ്ഥാനവും നഷ്ടമായി.

ഹൈക്കോടതിയില്‍ സംഭവിച്ചത്

2015 മെയ് 15 ന് പാരപ്പന അഗ്രഹാര പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ജയലളിതയെയും കൂട്ടുപ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവരെയും കുറ്റവിമുക്തരാക്കി.
ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയാണ് വിധിപ്രസ്താവം നടത്തിയത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും വരുമാന സ്രോതസ്സ് തെളിയിക്കാന്‍ ജയക്ക് സാധിച്ചെന്നും 919 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു.

പ്രസക്ത പരാമര്‍ശങ്ങള്‍

  • ജയലളിതയുടെ സ്വത്തുകളുടെ മൂല്യം നിര്‍ണയിച്ചതില്‍ അപാകതയുണ്ട്. വായ്പയെടുത്ത 18 കോടികൂടി സ്വത്തായി കണക്കിലെടുത്താണു മൊത്തം സ്വത്തുവിവരം അവതരിപ്പിച്ചത്.

  • ദത്തുപുത്രന്‍റെ വിവാഹത്തിന് മൂന്നുകോടി രൂപ ചെലവഴിച്ചുവെന്നതിന് തെളിവില്ല.

  • വരവില്‍ക്കവിഞ്ഞ സ്വത്തായി 2.83 കോടിരൂപ മാത്രമാണ്. ഇത് സ്വത്തിന്‍റെ 8.12 ശതമാനം മാത്രമാണ്.

  • അവിഹിത സ്വത്തുസമ്പാദനം 10 ശതമാനത്തില്‍ കുറവാണെങ്കില്‍ വലിയ കുറ്റമായി കാണേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്.

  • മുഖ്യപ്രതി കുറ്റവിമുക്തയാക്കുന്നതോടെ കൂട്ടുപ്രതികളും കുറ്റവിമുക്തരാവാന്‍ അര്‍ഹരാണ്. ചെറിയ പങ്ക് മാത്രമാണ് അവര്‍ക്ക് കേസിലുള്ളത്.
  • 2015 മെയ് 23 ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു.

കേസ് സുപ്രീം കോടതിയില്‍

2015 ജൂണ്‍ 23 ന് ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ജൂലൈ 7 ന് ഡിഎംകെയും സുപ്രീംകോടതിയെ സമീപ്പിച്ചു. അപ്പീലുകള്‍ പരിഗണിച്ച സുപ്രീം കോടതി ജൂലൈ 27 ന് ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും നോട്ടീസ് അയച്ചു. 2016 ഡിസംബര്‍ 5 ന് ജയലളിത അന്തരിച്ചു.

ഇന്ന് കർണാടക ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ വിചാരക്കോടതി വിധി പരമോന്നത കോടതി ശരിവച്ചു.