LiveTV

Live

National

കേന്ദ്ര ബജറ്റിന് നാല് നാള്‍

കേന്ദ്ര ബജറ്റിന് നാല് നാള്‍
Summary
പ്രത്യേക ബജറ്റിലാത്ത സാഹചര്യം ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തെ ഏത് തരത്തിലായിരിക്കും ബാധിക്കുക എന്ന ആശങ്ക ബാക്കിയാക്കിയാണ് ചരിത്രത്തിലെ ആദ്യത്തെ സംയുക്ത ബജറ്റിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേന്ദ്ര ബജറ്റിന് ഇനി നാല് നാള്‍. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ച ശേഷം നടക്കുന്ന ആദ്യത്തെ ബജറ്റായിരിക്കും ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുക. പ്രത്യേക ബജറ്റിലാത്ത സാഹചര്യം ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തെ ഏത് തരത്തിലായിരിക്കും ബാധിക്കുക എന്ന ആശങ്ക ബാക്കിയാക്കിയാണ് ചരിത്രത്തിലെ ആദ്യത്തെ സംയുക്ത ബജറ്റിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന പൊതു ഗതാഗത സംവിധാനമാണ് റെയില്‍വേ. ബ്രിട്ടീഷ് ഇന്ത്യയില്‍ വാര്‍ഷിക ബജറ്റിലെ ചെലവില്‍ 85 ശതമാനം റെയില്‍വേ വികസനത്തിന് വേണ്ടിയായിരുന്നു. ഇന്നത് കേവലം പതിനഞ്ച് ശതമാനം മാത്രം. എങ്കിലും പ്രത്യേക ബജറ്റുള്ളതിനാല്‍ റെയില്‍വേ വികസനത്തിന് പ്രത്യേക ഊന്നല്‍ ഇതുവരെ ഉണ്ടായിരുന്നു. റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിക്കുമ്പോള്‍, ആ ഊന്നല്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്.

റെയില്‍വേയുടെ ആധുനിക വത്കരണത്തിനും, കൂടുതല്‍ ഇടങ്ങളിലേക്ക് റെയില്‍ കണക്ടിവിറ്റി വ്യാപിപ്പിക്കുന്നതിനും നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ചിരുന്നത്. ഈ പദ്ധതികള്‍ക്ക് അര്‍ഹമായ ധന നീക്കിയിരിപ്പ് പൊതുബജറ്റില്‍ ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. റെയില്‍വേയുടെ സ്വയംഭരണാവകാശം ഇല്ലാതാകും എന്ന വാദവും ഉയരുന്നുണ്ട്. അതേസമയം, നഷ്ടത്തിലോടുന്ന റെയില്‍വേ വകുപ്പിന് ആശ്വാസമാകുന്നാണ് തീരുമാനമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന മറുവാദം. ബഡ്ജറ്റ് ഡിവിഡന്‍ഡായി കേന്ദ്രത്തിന് നല്‍കേണ്ട പതിനായിരം കോടി രൂപ റെയില്‍വേക്ക് ലാഭിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു.