LiveTV

Live

National

ജാട്ടുകള്‍ വോട്ട് ചെയ്തില്ലെങ്കില്‍ യുപിയില്‍ ബിജെപി വീഴും?

ജാട്ടുകള്‍ വോട്ട് ചെയ്തില്ലെങ്കില്‍ യുപിയില്‍ ബിജെപി വീഴും?
Summary
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ ബിജെപിക്ക് കാര്യങ്ങള്‍ കുറച്ച് എളുപ്പമായിരുന്നെങ്കിലും ഇത്തവണ കുറച്ചേറെ വിയര്‍ക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍
ജാട്ടുകള്‍ വോട്ട് ചെയ്തില്ലെങ്കില്‍ യുപിയില്‍ ബിജെപി വീഴും?

ഉത്തര്‍പ്രദേശില്‍ ഇനി ജനവിധിയുടെ നാള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം കൂടി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ ബിജെപിക്ക് കാര്യങ്ങള്‍ കുറച്ച് എളുപ്പമായിരുന്നെങ്കിലും ഇത്തവണ കുറച്ചേറെ വിയര്‍ക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കാരണം വേറൊന്നുമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം താമരയില്‍ മഷി പതിപ്പിച്ച ജാട്ട് സമൂഹം ഇത്തവണ തിരിഞ്ഞുകൊത്തുമെന്ന് ഉറപ്പ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാട്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാട്ട് നേതാക്കന്‍മാരും പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം സാന്നിധ്യത്തിലാണ് ഇത്തവണ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ജാട്ട് സമൂഹം ഉറക്കെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ ജനസംഖ്യയുടെ 17 ശതമാനമാണ് ജാട്ടുകള്‍. പരമ്പരാഗതമായി അജിത് സിങിന്റെ ആര്‍എല്‍ഡിക്കായിരുന്നു ജാട്ടുകള്‍ വോട്ടു ചെയ്തിരുന്നത്. എന്നാല്‍ 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ ജാട്ട് വോട്ട് ബാങ്ക് ബിജെപിയിലേക്ക് മറിഞ്ഞു. 80 പാര്‍ലമെന്റ് സീറ്റില്‍ 72 ലും ബിജെപി ജയിച്ചുകയറി. ജാട്ടുകളുടെ കരുത്തിലായിരുന്നു ബിജെപിയുടെ ഈ അനായാസ ജയം. എന്നാല്‍ ഇത്തവണ ജാട്ടുകള്‍ ബിജെപിക്ക് എതിരാണ് കരുക്കള്‍ നീക്കുന്നത്. മുസഫര്‍നഗര്‍ കലാപത്തിലെ ചതിയുടെ പിന്നാമ്പുറങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് ജാട്ടുകള്‍ ബിജെപിക്ക് എതിരായി തിരിഞ്ഞത്. ഇതുകൂടാതെ സംവരണ ആവശ്യത്തിനു നേരെയും ബിജെപി മുഖം തിരിച്ചതോടെ മറിച്ചൊന്നു ചിന്തിക്കേണ്ട കാര്യം ജാട്ടുകള്‍ക്കില്ല. വീടുകള്‍ കേന്ദ്രീകരിച്ച് ബിജെപിക്ക് എതിരായി പ്രചരണം നടത്താനാണ് ജാട്ടു സമൂഹത്തിന്റെ തീരുമാനമെന്നും പ്രമുഖ നേതാവ് പ്രമോദ് അഹ്ലാവാത് പറഞ്ഞു.