LiveTV

Live

National

സാഗരം സാക്ഷി, ജയലളിത ചരിത്രമായി

സാഗരം സാക്ഷി, ജയലളിത ചരിത്രമായി
Summary
ഉറ്റ തോഴി ശശികലയാണ് ജയലളിതയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്
സാഗരം സാക്ഷി, ജയലളിത ചരിത്രമായി

ജെ ജയലളിതക്ക് തമിഴകത്തിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടു കൂടിയായിരുന്നു സംസ്കാരം. ഉറ്റതോഴിയായ ശശികല മതപരമായ ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.സിനിമയിലും രാഷ്ട്രീയത്തിലും ഗുരുവും വഴികാട്ടിയുമായിരുന്ന എംജി രാമചന്ദ്രന്‍റെ സ്മൃതി കുടീരത്തിന് സമീപമാണ് ജയലളിതക്കും അന്ത്യവിശ്രമ സ്ഥലം ഒരുക്കിയത്. ജനലക്ഷങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് യാത്രാമൊഴിയേകാന്‍ മറീന ബീച്ചില്‍ തടിച്ചുകൂടിയത്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി പ്രമുഖര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കാളികളായി. പുരച്ചി തലൈവി ജെ ജയലളിത എന്ന ഇംഗ്ലീഷിലും തമിഴിലും ആലേഖനം ചെയ്ത സ്വര്‍ണ പേടകത്തിലായിരുന്നു ജയയുടെ അന്ത്യ യാത്ര.

#WATCH: Funeral procession of #Jayalalithaa underway, to be buried at MGR memorial, Marina Beach in Chennai. pic.twitter.com/8G87nNsiix

— ANI (@ANI_news) December 6, 2016

നേരത്തെ പൊതുദര്‍ശനത്തിനായി വച്ചിരുന്ന രാജാജി ഹാളില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം മറീന ബീച്ചിലെത്തിച്ചത്. ഒരു മണിക്കൂറിലേറെ സമയമെടുത്തു യാത്ര ലക്ഷ്യസ്ഥാനത്തെത്താന്‍. ജയലളിതയുടെ ഉറ്റതോഴിയായ ശശികലക്കും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ജയയുടെ ശരീരം വഹിച്ചുള്ള വാഹനത്തില്‍ സ്ഥാനം പിടിച്ചു.

തലൈവി ഇനി ഓര്‍മ, എംജിആറിന് അരികില്‍ ജയലളിതക്ക് അന്ത്യവിശ്രമം : Live

Posted by MediaoneTV on Tuesday, December 6, 2016

ദുഖം തളം കെട്ടിനില്‍ക്കുകയാണ് തമിഴ്നാട്ടില്‍. മുഴുവന്‍ റോഡുകളും സംഗമിക്കുന്ന വേദിയായി രാജാജി ഹാള്‍ മാറുന്ന കാഴ്ചയാണ് രാവിലെ മുതല്‍ കണ്ടത്. കണ്ണില്‍ കണ്ട വഴികളിലൂടെ ഓടിയെത്തിയ ജനലക്ഷങ്ങള്‍ അവരുടെ അമ്മക്ക് അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കി. രാവിലെ ചെന്നൈ നഗരത്തിലെത്തിലുള്ളവരായിരുന്നു കൂടുതലായി എത്തിയതെങ്കില്‍ പിന്നീട് സ്ഥിതി മാറി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി , കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, രാഷ്ട്രീയ, സിനിമ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ രാജാജി ഹാളിലെത്തി ജയക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ജനം തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. അവസാനമായി പുരട്ച്ചി തലൈവിയെ കാണാനുള്ള തിരക്കില്‍ നിയമങ്ങളെല്ലാം പൊട്ടിച്ചിതറി. പൊലീസും എഐഎഡിഎംകെ പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പലപ്പോഴും ഉടലെടുത്തെങ്കിലും എല്ലാം നിയന്ത്രണവിധേയമായി തന്നെ തുടര്‍ന്നു. ഹര്‍ത്താലിന്‍റെ പ്രതീതിയാണെങ്ങും. കടകന്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. പെട്രോള്‍ പന്പുകളും തുറന്നില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രാജാജി ഹാളിന് മുന്നിലേക്ക് ഒഴുകിയെത്തുകയായിരുന്നു തമിഴ് ജനത.

നേരത്തെ അപ്പോളോ ആശുപത്രിക്ക് മുന്‍പിലും മൃതദേഹം ആദ്യംകൊണ്ടുപോയ പോയസ് ഗാര്‍ഡനിലെ വസതിയിലും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ചെന്നൈയിലെ രാജാജി ഹോളില്‍ തിരക്ക് നിയന്ത്രിക്കാനാവാതെ വലയുകയാണ് പൊലീസ്.

30 അടി അകലെ നിന്നാണ് ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൌകര്യമൊരുക്കിയിരുന്നത്.