LiveTV

Live

National

നോട്ടുകള്‍ മാറ്റി നല്‍കിതുടങ്ങി; ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിര

നോട്ടുകള്‍ മാറ്റി നല്‍കിതുടങ്ങി; ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിര
Summary
പ്രത്യേക അപേക്ഷ ഫോം പൂരിപ്പിച്ച് കൂടെ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചുവേണം നോട്ടുകള്‍ മാറ്റിയെടുക്കാന്‍.

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവായതിന് ശേഷം ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ബാങ്കുകള്‍ക്ക് മുന്നില്‍ നോട്ടുകള്‍ മാറാനായി ഉപഭോക്താക്കള്‍ എത്തിത്തുടങ്ങി. മിക്ക ബാങ്കുകളുടെയും മുന്‍പില്‍ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ബാങ്കുകളുടെ പ്രധാന ഓഫീസുകളില്‍ എത്തിയ പുതിയ നോട്ടുകള്‍ മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പോസ്‌റ്റോഫീസിലൂടെയും ഇന്ന് മുതല്‍ പകരം നോട്ടുകള്‍ മാറ്റിവാങ്ങാം. കൈമാറ്റത്തിനായുള്ള 500ന്റെയും 2000ത്തിന്റെയും പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്.

എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ ഉടന്‍ ലഭ്യമാകില്ലെന്ന് എസ്ബിടി തിരുവനന്തപുരം ട്രെഷറി ജനറല്‍ മാനേജര്‍ ദേവി പ്രസാദ്. സാങ്കേതിക സംവിധാനത്തില്‍ മാറ്റം വരുത്തണം. ഇതിനായി രണ്ട് ദിവസം കൂടി സമയം എടുക്കുമെന്ന് ജനറല്‍ മാനേജര്‍ വിശദീകരിച്ചു. തിരുവനന്തപുരം എസ്ബിടി ട്രെഷറി ബ്രാഞ്ചില്‍ നിന്ന് മറ്റ് ബ്രാഞ്ചുകളിലേക്ക് പണത്തിന്‍റെ വിതരണം ആരംഭിച്ചതായി ട്രഷറി മാനേജര്‍ സതി അറിയിച്ചു. പുതിയ 500 രൂപ നോട്ടുകള്‍ എത്തിയിട്ടില്ലെന്നും മാനേജര്‍ വിശദീകരിച്ചു.

പ്രത്യേക അപേക്ഷ ഫോം പൂരിപ്പിച്ച് കൂടെ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചുവേണം നോട്ടുകള്‍ മാറ്റിയെടുക്കാന്‍. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൂരിപ്പിച്ച നല്‍കേണ്ട മാതൃക ഇതാണ്.

നോട്ടുകള്‍ മാറ്റി നല്‍കിതുടങ്ങി; ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിര

പേര് വിവരങ്ങള്‍ക്ക് പുറമേ തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങളും മാറ്റിയെടുക്കാന്‍ ഉദ്ദേശിക്കുന്ന നോട്ടുകളുടെ വിവരങ്ങളും അപേക്ഷയില്‍ രേഖപ്പെടുത്തണം. പരമാധി 4000 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസം മാറ്റിയെടുക്കാനാവുക. മറ്റുള്ളവരുടെ പണം ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കൊണ്ടു പോകരുതെന്നാണ് കേന്ദ്ര നിര്‍ദേശം

പഴയ നോട്ടുകള്‍ക്ക് പകരം ഉടന്‍ തന്നെ പുതിയ നോട്ടുകള്‍ ആവശ്യമില്ലെങ്കില്‍ ബാങ്കില്‍ നിക്ഷേപിക്കുകയും ആകാം. നോട്ട് മാറ്റല്‍ പ്രക്രിയ സുഗമമാക്കാന്‍ ഈ വരുന്ന ശനി ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നാളെ മുതല്‍ എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമാകും.

1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്നലെ നഷ്ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ ഓഹരി വിപണയില്‍ ഇന്ന് മുന്നേറ്റം. സെന്‍‌സെക്സ് 361 പോയിന്‍റും നിഫ്റ്റി 114 പോയിന്‍റും വര്‍ദ്ധനവ് രേഖപ്പെടുത്തി. 27642 പോയിന്‍റ് സെന്‍സെക്സ് രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റ് 8559 പോയിന്‍റും രേഖപ്പെടുത്തി.