LiveTV

Live

National

ജിയോക്ക് നെറ്റ്‍വര്‍ക്ക് നല്‍കിയില്ല; എയര്‍ടെല്ലിനും ഐഡിയക്കും വോഡഫോണിനും ഒരു സര്‍ക്കിളിന് 50 കോടി പിഴ

ജിയോക്ക് നെറ്റ്‍വര്‍ക്ക് നല്‍കിയില്ല; എയര്‍ടെല്ലിനും ഐഡിയക്കും വോഡഫോണിനും ഒരു സര്‍ക്കിളിന് 50 കോടി പിഴ
Summary
ആകെ 61 സര്‍ക്കിള്‍ ആണ് ഉള്ളത്. അതുകൊണ്ട് 3050 കോടിയാണ് മൊബൈല്‍ കമ്പനികള്‍ എല്ലാം കൂടി ട്രായില്‍ അടയ്ക്കേണ്ടിവരുന്ന പിഴതുക.

റിലയന്‍സ് ജിയോയുമായി മൊബൈല്‍ സേവനം പങ്കുവെക്കാന്‍ വിസമ്മതിച്ച ടെലികോം കമ്പനികള്‍ 50 കോടി രൂപ പിഴയടക്കണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്കാണ് ട്രായ് പിഴ ചുമത്തിയത്. നിലവില്‍ റിലയന്‍സ് ജിയോയുമായി പരമാവധി നെറ്റ് വര്‍ക്ക് പങ്കുവെച്ചിട്ടുണ്ടെന്നായിരുന്നു ഈ കമ്പനികളുടെ നിലപാട്.

രാജ്യത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച റിലയന്‍സ് ജിയോ വ്യാവസായിക അടിസ്ഥാനത്തിലേക്ക് മാറുമ്പോള്‍ കൂടുതല്‍ നെറ്റ് വര്‍ക്ക് വേണ്ടി വരുമെന്നും അത് പങ്കുവെക്കാന്‍ തയ്യാറാവണമെന്നും എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ കമ്പനികള്‍ ആവശ്യം തള്ളി. നിലവില്‍ റിലയന്‍സ് ജിയോയ്ക്ക് 1.5 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. എന്നാല്‍ 15 ദശലക്ഷം മുതല്‍ 20 ദശലക്ഷം വരെ ഉപഭോക്താക്കളുടെ ആവശ്യകത പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നെറ്റ് വര്‍ക്ക് ഇപ്പോള്‍ തന്നെ റിലയന്‍സുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് മൂന്നു കമ്പനികളും അറിയിച്ചത്. ഇക്കാര്യം കാണിച്ച് ഈ കമ്പനികള്‍ അംഗങ്ങളായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസ്താവനയുമിറക്കി. ഈ അവകാശവാദം തള്ളിയ റിലയന്‍സ് ജിയോ ട്രായ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മൂന്ന് കമ്പനികള്‍ക്കും പിഴ ചുമത്തിയത്.

ഒരു സര്‍ക്കളിനാണ് 50 കോടി പിഴ അടയ്ക്കേണ്ടത്. ആകെ 61 സര്‍ക്കിള്‍ ആണ് ഉള്ളത്. അതുകൊണ്ട് 3050 കോടിയാണ് മൊബൈല്‍ കമ്പനികള്‍ എല്ലാം കൂടി ട്രായില്‍ അടയ്ക്കേണ്ടിവരുന്ന പിഴതുക. നിലവില്‍ എയര്‍ടെലിനും വോഡഫോണിനും 21 വീതവും, ഐഡിയയ്ക്ക് 19 ഉം സര്‍ക്കിളുകളാണ് ഉള്ളത്.