LiveTV

Live

National

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാവീഴ്ചക്കെതിരെ ഹമീദ് അന്‍സാരിയുടെ വിമര്‍ശനം

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാവീഴ്ചക്കെതിരെ ഹമീദ് അന്‍സാരിയുടെ വിമര്‍ശനം
Summary
മുന്‍ ഉപരാഷ്ട്പതി ഹമീദ് അന്‍സാരി എഎംയുവില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആയുധങ്ങളുമായുള്ള ഹിന്ദുയുവ വാഹിനി പ്രവര്‍ത്തകരുടെ പ്രതിഷേധം.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലുണ്ടായ അക്രമത്തെയും സുരക്ഷാവീഴ്ചയേയും വിമര്‍ശിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. താന്‍ സര്‍വകലാശാലയില്‍ എത്തുന്നത് പൊലീസ് അധികൃതര്‍ക്ക് അറിവുള്ള കാര്യമായിരുന്നു. അക്രമികള്‍ക്ക് തന്റെ തൊട്ടടുത്ത് എത്താന്‍ കഴിഞ്ഞു എന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും വിദ്യാര്‍ത്ഥിയൂണിയന്റെ സമരത്തെ പിന്തുണച്ച് കൊണ്ട് എഴുതിയ കത്തില്‍ ഹമീദ് അന്‍സാരി വ്യക്തമാക്കി.

ജിന്നാ വിവാദത്തിലായിരുന്നു സമരമെങ്കിലും, മുന്‍ ഉപരാഷ്ട്പതി ഹമീദ് അന്‍സാരി എഎംയുവില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആയുധങ്ങളുമായുള്ള ഹിന്ദുയുവ വാഹിനി പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന മുന്‍ഉപരാഷ്ട്രപതി വിദ്യാര്‍ത്ഥിയൂണിയന്‍ നടത്തുന്ന സമരത്തെ പിന്‍തുണച്ച് കൊണ്ടെഴുതിയ കത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്.

അക്രമവും അത് ഉണ്ടായ സമയവും സംശയിക്കേണ്ടതാണെന്ന് ഹമീദ് അന്‍സാരി വ്യക്തമാക്കി. താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ഔദ്യോഗിമായി തന്നെ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ട് താന്‍ ഉണ്ടായിരുന്ന ഗസ്റ്റ് ഹൗസില്‍ അക്രമികള്‍ എങ്ങനെ എത്തിയെന്നതാണ് മനസ്സിലാകാത്തതെന്നും ഹമീദ് അന്‍സാരി കത്തിലൂടെ പറഞ്ഞു. അക്രമത്തിനെതിരെ എഎംയു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമാധാനപരമായ സമരത്തെ മുന്‍ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ന്യായമാണെന്നും ഹമീദ് അന്‍സാരി വ്യക്തമാക്കി. അതേസമയം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയൂണിയന്‍ വൈസ് പ്രസിഡന്റ് സര്‍വകലാശാലയില്‍ നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുകയാണ്.