LiveTV

Live

National

ഡോ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ ബലിയാടാക്കിയെന്ന് ഡോക്ടര്‍മാര്‍

ഡോ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ ബലിയാടാക്കിയെന്ന് ഡോക്ടര്‍മാര്‍
Summary
സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനോടി നടന്ന കഫീല്‍ ഖാനെ പുറത്താക്കിയതിനെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മ യുപി സര്‍ക്കാരിന് കത്തയച്ചു.

ഗൊരഖ്പുര്‍ ദുരന്തത്തില്‍ ഡോ കഫീല്‍ ഖാനെ ബലിയാടാക്കിയെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ (AIIMS). സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനോടി നടന്ന കഫീല്‍ ഖാനെ പുറത്താക്കിയതിനെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മ യുപി സര്‍ക്കാരിന് കത്തയച്ചു. പൊതുജനാരോഗ്യം അശ്രദ്ധമായി കൈകാര്യം ചെയ്ത സര്‍ക്കാര്‍ ഡോക്ടര്‍മാരെ ബലിയാടുകളാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കത്തില്‍ വിമര്‍ശമുണ്ട്. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ ഇല്ലെങ്കില്‍ ഉത്തരവാദി ആരാണെന്നും ഡോക്ടര്‍മാര്‍ ചോദിക്കുന്നു.

ഓക്സിജന്‍ വിതരണം മുടങ്ങിയതോടെ ജപ്പാന്‍ ജ്വരത്തിന് ചികിത്സയിലായിരുന്ന കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുകയായിരുന്നു. ഓക്സിജന്‍ വിതരണം ചെയ്തിരുന്ന ഏജന്‍സിക്ക് 64 ലക്ഷം രൂപ ആശുപത്രി നല്‍കാനുണ്ടായിരുന്നു. ഇത് നല്‍കാതിരുന്നതോടെയാണ് ഓക്സിജന്‍ വിതരണം ഏജന്‍സി നിര്‍ത്തിയത്. സംഭവത്തിന്‍റെ ഗൌരവം തിരിച്ചറിഞ്ഞ ഡോക്ടര്‍ കഫീല്‍ മനസാന്നിധ്യത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് കുറച്ചു കുഞ്ഞുങ്ങളുടെ ജീവനെങ്കിലും രക്ഷിക്കാനായത്. അടുത്തുള്ള നഴ്സിങ് ഹോമുകളില്‍ നിന്നും മറ്റും സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങിക്കൊണ്ടുവരികയായിരുന്നു കഫീല്‍. ഇക്കാര്യം കുട്ടികളുടെ രക്ഷിതാക്കളും സ്ഥിരീകരിച്ചു.

അതേസമയം ഗൊരഖ്പൂര്‍ ദുരന്തത്തിന് കാരണം യുപി സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്ന് രാജിവെച്ച ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര വെളിപ്പെടുത്തി. ഓക്‌സിജന്‍ വിതരണക്കമ്പനിക്ക് കൊടുക്കാനുള്ളതുള്‍പ്പെടെ ഫണ്ട് ആവശ്യപ്പെട്ട് താന്‍ ജൂലൈ മാസത്തില്‍ മാത്രം നാല് തവണ സര്‍ക്കാരിന് കത്തെഴുതിയെന്ന് മിശ്ര പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. ഫണ്ട് റിലീസ് ചെയ്തുകിട്ടാന്‍ വൈകിയെന്ന് ഡോക്ടര്‍ പറഞ്ഞു.