LiveTV

Live

National

ദേശസ്നേഹം ബിജെപി പഠിപ്പിക്കേണ്ട; കേന്ദ്രനിര്‍ദേശം തള്ളി ബംഗാള്‍

ദേശസ്നേഹം ബിജെപി പഠിപ്പിക്കേണ്ട; കേന്ദ്രനിര്‍ദേശം തള്ളി ബംഗാള്‍
Summary
മോദി സര്‍ക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് ആഗസ്റ്റ് 15 ആഘോഷിക്കേണ്ടെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനം

പ്രധാനമന്ത്രിയുടെ 'പുതിയ ഇന്ത്യ' സങ്കല്‍പം സാക്ഷാത്കരിക്കാന്‍ സ്വാതന്ത്ര്യദിനത്തില്‍ ‘ന്യു ഇന്ത്യ’പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍‍. കുട്ടികളില്‍ ദേശസ്‌നേഹം ഉറപ്പാക്കാന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര നിര്‍ദേശം പശ്ചിമ ബംഗാള്‍ തള്ളിക്കളഞ്ഞു.

മോദി സര്‍ക്കാരിന്‍റെ ഉത്തരവനുസരിച്ച് ആഗസ്റ്റ് 15 ആഘോഷിക്കേണ്ടെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ദേശസ്നേഹത്തിന്‍റെ പാഠങ്ങള്‍ ബിജെപി പഠിപ്പിക്കേണ്ടതില്ലെന്നും കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്നും ബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്തി ഫെഡറല്‍ സിസ്റ്റം തകര്‍ക്കുകയാണെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശങ്ങളെ അംഗീകരിക്കാതിരുന്ന മമതയുടെ നിലപാടില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി. ബംഗാളിന്‍റെ നിലപാടിനെ വിചിത്രവും ദൗര്‍ഭാഗ്യകരവുമെന്നാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വിശേഷിപ്പിച്ചത്. മതേതരത്വം ലക്ഷ്യമിട്ടാണ് കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ചതെന്നും രാഷ്ട്രീയ അജണ്ടയല്ലെന്നുമാണ് ജാവദേക്കറുടെ വാദം. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവ മന്ത്രാലയം ബംഗാളിലെ സര്‍വശിക്ഷാ അഭിയാന്‍ മിഷന് നോട്ടീസ് അയച്ചു.

അഴിമതി, തീവ്രവാദം, ദാരിദ്ര്യം, ജാതിവിവേചനം, വര്‍ഗീയത എന്നിവയില്‍ നിന്നുള്ള മോചനമാണ് ന്യു ഇന്ത്യ പദ്ധതിയെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യദിനത്തില്‍ സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും പ്രതിജ്ഞ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന മത്സരങ്ങള്‍ തുടങ്ങിയവ നടത്തണമെന്ന് നിര്‍ദേശമുണ്ട്.