തേജസ്വി യാദവ് 72 മണിക്കൂറിനുളളില്‍ രാജിവെക്കണമെന്ന് നിതീഷ് കുമാര്‍

ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജി വെക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് രാജിവെക്കണമെന്നാണ് നിതീഷ് തേജസ്വി യാദവിന് നല്കിയ നിര്‍ദേശം. അഴിമതി ആരോപണം നേരിടുന്നയാള്‍ മന്ത്രിസഭയിലെ രണ്ടാമനായി തുടരുന്നതില്‍ നിതീഷ് കുമാറിന് എതിര്‍പ്പുണ്ട്. 72 മണിക്കൂറിനുളളില്‍ രാജിവെക്കണമെന്ന് നിതീഷ് തേജസ്വി യാദവിനോട് ആവശ്യപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിസഭയിലെ തേജസ്വി യാദവിന്റെ സാന്നിധ്യത്തില്‍ നിതീഷ് കുമാര്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷിന്റെ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് നാളെ പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ലാലുപ്രസാദ് ആരോപിക്കുന്നത്.
ലാലുപ്രസാദ് യാദവ് റെയില്‍വ്വേ മന്ത്രിയായിരുന്ന കാലത്ത് റെയില്‍വേ ഹോട്ടല്‍, സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നും ഇതില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം ലാലുവിനും ഭാര്യ റാബ്റി ദേവിക്കും മക്കള്‍ക്കും ലഭിച്ചുവെന്നുമാണ് സി.ബി.ഐ കേസ്. സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി തന്നോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ലാലു ആരോപിക്കുന്നത്.