LiveTV

Live

National

ഗുജറാത്തില്‍ ഗോരക്ഷകരുടെ ക്രൂരമര്‍ദനമേറ്റ 29 കാരന്‍ മരിച്ചു

ഗുജറാത്തില്‍ ഗോരക്ഷകരുടെ ക്രൂരമര്‍ദനമേറ്റ 29 കാരന്‍ മരിച്ചു
Summary
അഹമ്മദാബാദില്‍ ഗോ സംരക്ഷകരുടെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അയ്യൂബാ(29)ണ് മരിച്ചത്.
ഗുജറാത്തില്‍ ഗോരക്ഷകരുടെ ക്രൂരമര്‍ദനമേറ്റ 29 കാരന്‍ മരിച്ചു

പശുക്കടത്തിന്റെ പേരില്‍ ഗുജറാത്തില്‍ വീണ്ടും കൊലപാതകം. അഹമ്മദാബാദില്‍ ഗോ സംരക്ഷകരുടെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അയ്യൂബാ(29)ണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അയ്യൂബിനും സുഹൃത്തിനും ഗോ സംരക്ഷകരുടെ മര്‍ദനമേറ്റത്. പശുവിനെയും കിടാവിനെയും വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തില്‍ പെട്ട് പശുകിടാവ് ചത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യൂബിന്റെ സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെതുടര്‍ന്ന് ആക്രമിക്കാനെത്തിയവരില്‍ നിന്നു രക്ഷപെടാന്‍ ഓടിയെങ്കിലും ഏതാനും പേര്‍ ചേര്‍ന്ന് അയൂബിനെ കീഴടക്കി. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അനന്ത്നഗര്‍ എസ്‍ഐ പിബി റാണ പറഞ്ഞു. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നെന്നും മരണം സംഭവിച്ച നിലക്ക് എഫ്ഐആറില്‍ കൊലക്കുറ്റം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അയൂബിന്റെ സുഹൃത്തിനെ മര്‍ദനസമയത്ത് സ്ഥലത്തെത്തിയ ഒരു പൊലീസുകാരനാണ് രക്ഷപെടുത്തിയത്.