LiveTV

Live

National

ബിജെപി മന്ത്രിയെ ദാവൂദ് ഇബ്രാഹിം വിളിച്ചെന്ന ആരോപണം തെറ്റെന്ന് പൊലീസ്

ബിജെപി മന്ത്രിയെ ദാവൂദ് ഇബ്രാഹിം വിളിച്ചെന്ന ആരോപണം തെറ്റെന്ന് പൊലീസ്
Summary
മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെയുടെ ഫോണിലേക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്ന ആരോപണം മുംബൈ പൊലീസ് നിഷേധിച്ചു

മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെയുടെ ഫോണിലേക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്ന ആരോപണം മുംബൈ പൊലീസ് നിഷേധിച്ചു. ദാവൂദിന്റെ ഭാര്യ മെഹ്ജബിന്റെ പേരില്‍ കറാച്ചിയിലുള്ള നാലു നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് കോളുകള്‍ വന്നെന്നായിരുന്നു ആരോപണം.

2015 സെപ്തംബര്‍ നാലിനും കഴിഞ്ഞ ഏപ്രില്‍ അഞ്ചിനുമിടയില്‍ ഏക്നാഥ് കഡ്സെയുടെ നമ്പറിലേക്ക് ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള നമ്പറില്‍ നിന്നും കോള്‍ വന്നിരുന്നുവെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഇക്കാലയളവില്‍ കഡ്സെയുടെ നമ്പറിലേക്ക് വിദേശത്തു നിന്നും കോളുകള്‍ വന്നിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ജോയന്റ് പൊലീസ് കമ്മീഷണര്‍ അതുല്‍ ചന്ദ് കുര്‍ക്കര്‍ണിയാണ് കഡ്സെക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെയായിരുന്നു കഡ്സെയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവിട്ടത്. വിവിധ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ആം ആദ്മി പാര്‍ട്ടി സംഭവം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് കഡ്സെ-ദാവൂദ് ബന്ധം വിവാദമായത്.

ഏക്നാഥ് കഡ്സെയെ കൂടാതെ നാല് പ്രമുഖ രാഷ്ട്രീയക്കാരുടെ നമ്പറുകളിലേക്ക് കൂടി ദാവൂദിന്റെ ഫോണില്‍ നിന്നും കോള്‍ പോയിട്ടുള്ളതായി മനീഷ് ഭംഗാളെ പറയുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ കഡ്സെ പ്രതികരിച്ചിരുന്നു.