LiveTV

Live

National

കര്‍ണാടക തെരഞ്ഞെടുപ്പ് : ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പോരാട്ടം ശക്തം

കര്‍ണാടക തെരഞ്ഞെടുപ്പ് : ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പോരാട്ടം  ശക്തം
Summary
പോരാട്ടം സിദ്ധരാമയ്യയും ജി ടി ദേവഗൌഡയും തമ്മില്‍

മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരിയാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലം. മുന്‍ സുഹൃത്തും സിറ്റിംഗ് എംഎല്‍എയുമായ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി ടി ദേവഗൌഡയാണ് എതിരാളിയെന്നതാണ് മത്സരത്തെ കടുപ്പിക്കുന്നത്. ബാദാമിയില്‍ മത്സരിക്കാനുള്ള തീരുമാനത്തോടെ തന്നെ ചാമുണ്ഡേശ്വരിയിലെ സിദ്ധരാമയ്യയുടെ പരാജയം ഉറപ്പായെന്ന് ജി ടി ദേവ ഗൌഡ മീഡിയാവണിനോട് പറഞ്ഞു.

സിദ്ധരാമയ്യയുടെ രാഷ്ട്രീയജീവിതം രൂപപ്പെടുത്തിയതില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തിനുള്ള പങ്ക് അതിനിര്‍ണ്ണായകമാണ്. ആദ്യമായി നിയമസഭയിലേക്കെത്തിച്ച മണ്ഡലം. 2006ല്‍ ജെഡിഎസുമായി പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിഎസ് സഖ്യത്തെ മറികടന്ന് ജയിച്ച് മണ്ഡലം. പക്ഷേ ഈ വൈകാരികതകളൊന്നും ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ സുരക്ഷിതനാക്കുന്നില്ല. അതിന്റെ കാരണം എതിരാളിയായി ജെഡിഎസ് ടിക്കറ്റില്‍ മത്സരിക്കുന്നത് സിറ്റിംഗ് എംഎല്‍എയും, ഒരു കാലത്തെ സിദ്ധരാമയ്യയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ജി ടി ദേവഗൌഡയാണ് എന്നത് തന്നെ.

''ജനങ്ങള്‍ ജിഡി ദേവഗൌഡ-കുമാര സ്വാമി നേതൃത്വത്തെ പിന്തുണക്കുന്നു. ഏത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ചാമുണ്ഡേശ്വരിയില്‍ എന്റെ വിജയം ഉറപ്പാണ്. ചാമുണ്ഡേശ്വരിയില്‍ പിന്തുണ കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയാണ് സിദ്ധരാമയ്യ ബാദാമിയിലേക്ക് പോയതെ''ന്ന് പരിഹസിക്കുന്നു ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി ടി ദേവ ഗൌഡ. 2006 ലേത് പോലെ മണ്ഡലത്തില്‍ ജെഡിഎസ്-ബിജെപി ധാരണയുണ്ടെന്ന ആരോപണത്തെ ഇദ്ദേഹം തള്ളിക്കളയുന്നു. ''ഒരു രഹസ്യ ബന്ധവും ഇല്ല. ബിജെപിക്ക് ഇവിടെ സ്ഥാനാര്‍ത്ഥിയുണ്ട്. ഞാന്‍ ജെഡിഎസിലും, സിദ്ധരാമയ്യ കോണ്‍ഗ്രസിന് വേണ്ടിയും മത്സരിക്കുന്നു. പിന്നെയെന്ത് രഹസ്യ ധാരണ''യെന്നാണ് ദേവ ഗൌഡ ചോദിക്കുന്നത്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള സിദ്ധരാമയ്യുടെ പ്രതിച്ഛായ മണ്ഡലത്തില്‍ നിര്‍ണ്ണായകമായിരിക്കും. ''ജി ടി ദേവ ഗൌഡയൊന്നും ഇവിടെ വരാറില്ല. ഞങ്ങളുടെ വോട്ട് സിദ്ധരാമയ്യക്കാണെ''ന്ന് പറയുന്നു സജ്ഞിതാനന്ദ.

എന്തായാലും സ്വന്തം അണികളുടെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി എത്രത്തോളം നേടും എന്നത് തന്നെയായിരിക്കും അന്തിമ വിധിയെ സ്വാധീനിക്കുക.