LiveTV

Live

National

കോണ്‍ഗ്രസുമായി ധാരണ; വിജയിച്ചത് പരസ്യപ്രതിഷേധമെന്ന ബംഗാളിന്‍റെ സമ്മര്‍ദം

കോണ്‍ഗ്രസുമായി ധാരണ; വിജയിച്ചത് പരസ്യപ്രതിഷേധമെന്ന ബംഗാളിന്‍റെ സമ്മര്‍ദം
Summary
9 മണിക്കൂറോളം നീണ്ട ചര്‍ച്ച മുഴുവനും കോണ്‍ഗ്രസുമായി സഹകരിക്കണോ അയിത്തം തുടരണമോയെന്നതിനെ ചൊല്ലിയായിരുന്നു.

കോണ്‍ഗ്രസ് ബന്ധത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന നൂറിലേറെയുള്ള ഭേദഗതി നിര്‍ദേശങ്ങളും പരസ്യ പ്രതിഷേധമെന്ന ബംഗാള്‍ ഘടകത്തിന്‍റെ സമ്മര്‍ദവുമാണ് മാസങ്ങളായും അയയാതിരുന്ന കാരാട്ട് പക്ഷത്തിനെ വെട്ടിലാക്കിയത്. പ്രമേയത്തിന്‍റെ കരടിന്‍മേല്‍ രഹസ്യവോട്ടെടുപ്പ് വേണമെന്ന് 15 ഓളം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ഭിന്നിപ്പൊഴിവാക്കാനായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാന്‍ പിബി കാരാട്ട് പക്ഷത്തോട് നിര്‍ദേശിച്ചത്.

9 മണിക്കൂറോളം നീണ്ട ചര്‍ച്ച മുഴുവനും കോണ്‍ഗ്രസുമായി സഹകരിക്കണോ അയിത്തം തുടരണമോയെന്നതിനെ ചൊല്ലിയായിരുന്നു. പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്‍റെ കരടിലെ കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുകയെന്ന ഭാഗത്തോട് പക്ഷെ യോജിക്കാന്‍ തയ്യാറാകാതിരുന്നത് 15ലേറെ സംസ്ഥാന ഘടകങ്ങളാണ്. ഇതിനുപുറമെ കാരാട്ടിന്‍റെ നിലപാടിനോട് യോജിച്ച് സംസാരിച്ചവരും പ്രാദേശിക സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താകണം അന്തിമ തീരുമാനമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. ആകെ വന്ന 353 ഭേദഗതി നിര്‍ദേശങ്ങളില്‍ 101 എണ്ണവും കോണ്‍ഗ്രസുമായി ധാരണയാകാമെന്നതായതും നേതൃത്വത്തെ അമ്പരപ്പിച്ചു. ഒപ്പം ഇക്കാര്യത്തില്‍ രഹസ്യവോട്ടെടുപ്പ് വേണമെന്ന് 15 ഓളം സംസ്ഥാന ഘടകങ്ങളും കിസാന്‍സഭ നേതാക്കളും ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.

ഇനി രഹസ്യവോട്ടെടുപ്പെന്നത് അംഗീകരിച്ചില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കുമെന്ന് ബംഗാള്‍ഘടകം സൂചന നല്‍കിയതും പാര്‍ട്ടി ഭിന്നിക്കുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിലുണ്ടാക്കി. ഇതോടെയാണ് ചര്‍ച്ചകള്‍ക്ക് ശേഷം ചേര്‍ന്ന പിബി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്ന് കാരാട്ട് വിഭാഗത്തോട് ആവശ്യപ്പെട്ടത്. പിബിയില്‍ നേരത്തെ കാരാട്ടിനൊപ്പം നിന്ന രണ്ട് നേതാക്കള്‍ യെച്ചൂരി പക്ഷത്തേക്ക് അവസാനനിമിഷം ചാഞ്ഞതായും സൂചനയുണ്ട്. 1964ലേതുപോലെ മറ്റൊരു പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ നീക്കാതെ പാര്‍ട്ടിയുടെ ഐക്യത്തിനായി സമവായം ഉണ്ടാക്കാന്‍ മണിക്ക് സര്‍ക്കാരും പിണറായിയും ചേര്‍ന്ന് അവസാന നിമിഷം മുന്‍കൈ എടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതുചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ യെച്ചൂരിക്കും അവസരം നല്‍കുകയും ഭേദഗതി വരുത്താന്‍ കാരാട്ട് പക്ഷം സമ്മതിക്കുകയും ചെയ്തത്.