LiveTV

Live

National

പോഷകാഹാര കുറവിനാലുള്ള വളര്‍ച്ച മുരടിപ്പ്; മുന്നില്‍ എസ്.ടി വിഭാഗക്കാര്‍

പോഷകാഹാര കുറവിനാലുള്ള വളര്‍ച്ച മുരടിപ്പ്; മുന്നില്‍ എസ്.ടി വിഭാഗക്കാര്‍
Summary
ഹൈദ്രാബാദ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്

പോഷകാഹാര കുറവിനാലുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിപ്പ് ഏറെയും പട്ടിക വര്‍ഗ്ഗ - പട്ടിക ജാതി വിഭാഗക്കാര്‍ക്ക് ഇടയിലെന്ന് കണ്ടെത്തല്‍. ഹൈദ്രാബാദ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. സാമ്പത്തികാവസ്ഥ മാത്രമല്ല സാമൂഹികമായ പിന്നോക്കാസ്ഥയും ഇതിന് കാരണമാകുന്നതായി സര്‍വെ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 12,000 ഗ്രാമീണ കുടുംബങ്ങളില്‍ നിന്നുള്ള 5 വയസ്സിന് താഴെ പ്രായമുള്ള 48,000 കുട്ടികളിലായിരുന്നു ഹൈദ്രാബാദ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍ സര്‍വെ നടത്തിയത്.

തൂക്കകുറവ്, വളര്‍ച്ച മുരടിപ്പ്, ശേഷിക്കുറവ് എന്നിങ്ങനെ തരംതിരിച്ചായിരുന്നു സര്‍വെ. മൂന്ന് വിഭാഗത്തിലും പെട്ട കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ പട്ടിക വര്‍ഗ വിഭാഗക്കാരാണ് മുന്നില്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍ 32 ശതമാനം ആണ്‍കുട്ടികളും 25 ശതമാനം പെണ്‍കുട്ടികളും തൂക്ക കുറവുള്ളവരാണ്.

ആണ്‍കുട്ടികളില്‍ 34ലും പെണ്‍കുട്ടികളില്‍ 33ഉം ശതമാനം കുട്ടികള്‍ക്ക് വളര്‍ച്ച മുരടിപ്പുണ്ട്.‌ 17 ശതമാനം ആണ്‍കുട്ടികള്‍ക്കും 14 ശതമാനം പെണ്‍കുട്ടികള്‍ക്കും ശേഷിക്കുറവുള്ളതായും സര്‍വെ പറയുന്നു. പട്ടിക ജാതി വിഭാഗത്തില്‍ യഥാക്രമം 33 ശതമാനവും 32 ശതമാനവും തൂക്കകുറവുള്ള കുട്ടികളാണ്. 39ഉം 33 ഉം ശതമാനം കുട്ടികളാണ് വളര്‍ച്ച മുരടിപ്പുള്ളവരായുള്ളത്. ശേഷികുറവും 18 ശതമാനം വീതമുണ്ട്. മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ അവസ്ഥ താരതമ്യേന മെച്ചപ്പെട്ടതാണ്.

കണക്കുകള്‍ പ്രകാരം പെണ്‍കുട്ടികള്‍ നേരിയ തോതിലെങ്കിലും ആണ്‍കുട്ടികളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണുള്ളത്. കൃത്യമായ നിഗമനമല്ലെങ്കിലും ഊര്‍ജ ഉപയോഗം പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളില്‍ കൂടുതലായതാണ് കാരണമെന്നാണ് സര്‍വെ കരുതുന്നത്.